ജൈവഗ്രാമം പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1598937
Saturday, October 11, 2025 11:10 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജൈവകൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന ജൈവ ഗ്രാമം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രവർത്തന ഗ്രാമങ്ങളിൽ ജൈവവളങ്ങൾ എത്തിച്ചു നൽകി. കാർഷിക മേഖലയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന ഉത്പാദന പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവളങ്ങൾ കുറഞ്ഞ നിരക്കിൽ കർഷകരിലെത്തിച്ചു നൽകുന്നത്. സാമ്പത്തിക സഹായവും വായ്പാ സൗകര്യങ്ങളും ഒരുക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ - ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രാഹം, അനിമേറ്റർ മിനി ജോണി, കുഞ്ഞ് നായാട്ടുപാറ എന്നിവർ പങ്കെടുത്തു. പതിനാലു പഞ്ചായത്തുകളിലായി 230 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.