ഞായറാഴ്ച്ചകളിലെ മത്സരനടത്തിപ്പ് അംഗീകരിക്കാനാകില്ല: ഇടുക്കി രൂപത ജാഗ്രതാ സമിതി
1598653
Friday, October 10, 2025 10:26 PM IST
കരിന്പൻ: കേരള വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ചകളിൽ മത്സരങ്ങൾ നടത്താനുള്ള നീക്കം പിൻവലിക്കണമെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
ക്രൈസ്തവർ വിശുദ്ധദിനമായി കരുതുന്ന ഞായറാഴ്ചകൾ ആരാധനയ്ക്കും മതപഠനത്തിനുമായി മാറ്റി വച്ചിരിക്കുന്ന ദിനങ്ങളാണ്. ഈ ദിവസങ്ങളിൽ മത്സരം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ പിടിവാശി ദുരുദേശപരമാണ്. മുൻപും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇന്നും നാളെയും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന സി.വി. രാമൻ ഉപന്യാസ മത്സരവും മാഗസിൻ മത്സരവും ഇതിന്റെ ഏറ്റവും അടുത്ത ഉദാഹരണങ്ങളാണ്. ക്രൈസ്തവ മതസമൂഹത്തോടുള്ള അവഗണനയും എതിർപ്പുമാണിത്.
ഞായറാഴ്ചകൾ മത്സരത്തിന്റെ പേര് പറഞ്ഞ് പ്രവൃത്തി ദിനമാക്കാനുള്ള ഗൂഢനീക്കമാണിത്. എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യസ മന്ത്രിയുടെ കഴിഞ്ഞ ദിവസങ്ങളിലെ ക്രൈസ്തവവിരുദ്ധ പ്രസ്താവനകളുടെ പിന്നാലെ ഞായറാഴ്കളിലെ മത്സര നടത്തിപ്പും ക്രിസ്ത്യൻ മതവിഭാഗങ്ങളിൽ ആശങ്കയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ്.
ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന മത്സരങ്ങൾ മറ്റ് ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ഇടുക്കി രൂപത ജാഗ്രതാ സമിതി ആവശ്യപ്പെട്ടു.
ജാഗ്രതാ സമതി ഡയറക്ടർ മോണ്. ജോസ് കരിവേലിക്കൽ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, ജാഗ്രതാ സമിതി സെക്രട്ടറി ബിനോയി മഠത്തിൽ, എം.വി. ജോർജുകുട്ടി, ബിനോയി ചെമ്മരപ്പള്ളിൽ, ജിജി കൂട്ടുങ്കൽ, ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.