ഇൻലൻഡിൽ കത്തുകൾ എഴുതി വിദ്യാർഥികൾ
1598483
Friday, October 10, 2025 5:18 AM IST
കരിങ്കുന്നം: ലോക തപാൽ ദിനത്തോടനുബന്ധിച്ച് സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥികൾ പ്രിയപ്പെട്ടവർക്ക് ഇൻലന്‍ഡിൽ കത്തുകളെഴുതി കരിങ്കുന്നം പോസ്റ്റ് ഓഫീസിലെ തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു. പോസ്റ്റ് ഓഫീസിലെ ജീവനക്കാർ വിദ്യാർഥികൾക്ക് പോസ്റ്റ് ഓഫീസിലൂടെ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം നൽകി. പഴയകാലത്ത് പ്രചാരത്തിലിരുന്ന ഇൻല്ലന്റുകൾ, പോസ്റ്റ് കാർഡുകൾ, എഴുത്തുപെട്ടികൾ തുടങ്ങിയവ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.
കവറിൽ സ്റ്റാന്പ് ഒട്ടിക്കുന്നതും സീൽ രേഖപ്പെടുത്തുന്നതും വിവിധ സ്ഥലങ്ങളിലേക്കുള്ള എഴുത്തുകളെ തരംതിരിച്ച് മെയിൽ വാഹനങ്ങളിൽ ഏൽപ്പിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർഥികൾക്ക് നേരിൽ കാണാനായി. പോസ്റ്റ് ഓഫീസിലൂടെ നൽകുന്ന ഡിജിറ്റൽ സർവീസുകൾ, പാഴ്സൽ സർവീസുകൾ, വിവിധങ്ങളായ സേവിംഗ് സ്കീമുകൾ എന്നിവയും വിശദീകരിച്ചു.
സബ് പോസ്റ്റ് മാസ്റ്റർ സി.എൻ. ഷാജി, പി.എ. ബേനസീർ എന്നിവർ പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. പ്രധാന അധ്യാപിക സിസ്റ്റർ നമിത, അധ്യാപകരായ ഷിജു കെ. ഏബ്രഹാം, അഗസ്റ്റിൻ ജോസ്, ജിനോ തോമസ്, പി.എ. ഹരികൃഷ്ണൻ, അൽജോ ജോസ് എന്നിവർ നേതൃത്വം നൽകി.