കത്തോലിക്കാ കോൺഗ്രസ് അവകാശ സംരക്ഷണ യാത്രയ്ക്ക് ഇടുക്കിയിൽ സ്വീകരണം
1598934
Saturday, October 11, 2025 11:10 PM IST
ചെറുതോണി: കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി അധ്യക്ഷൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്രയ്ക്ക് ഇടുക്കിയിൽ ഉജ്വല സ്വീകരണം നൽകുമെന്ന് ഇടുക്കി രൂപതാ ഭാരവാഹികൾ അറിയിച്ചു. "നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന അവകാശ സംരക്ഷണ യാത്ര നാളെ കാസർഗോഡ് പാണത്തൂരിൽനിന്ന് ആരംഭിച്ച് 24ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കുള്ള പ്രതിഷേധ മാർച്ചോടുകൂടി സമാപിക്കും.
അവകാശ സംരക്ഷണ യാത്ര കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും പര്യടനം നടത്തും. സീറോ മലബാർ സഭയിലെ എല്ലാ രൂപതാ സമിതികളുടെയും നേതൃത്വത്തിൽ ജാഥയെ വരവേൽക്കും. 20ന് യാത്ര ഇടുക്കി രൂപതയിൽ എത്തിച്ചേരും.
രാവിലെ എട്ടിന് അടിമാലിയിൽനിന്ന് ആരംഭിച്ച് ചുരുളി, മുരിക്കാശേരി, തങ്കമണി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകുന്നേരം 4.30 ന് കട്ടപ്പനയിൽ സ്വീകരണ റാലിയും സമാപന സമ്മേളനവും നടത്തും. വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ്, മോൺ. ജോസ് നരിതൂക്കിൽ എന്നിവർ വിവിധ സ്ഥലങ്ങളിലെ സ്വീകരണ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. സെബാസ്റ്റ്യൻ വടക്കേൽ, ഫാ. തോമസ് പുത്തൻപുരയ്ക്കൽ, ഫാ. ജിൻസ് കാരക്കാട്ട്, ടോമി കണ്ടത്തിൽ, ഷാജി കുന്നുംപുറം, സാന്റോ തളിപ്പറമ്പിൽ, വിമൻസ് കൗൺസിൽ പ്രസിഡന്റ് റിൻസി സിബി, യൂത്ത് കൗൺസിൽ പ്രസിഡന്റ് ജെറിൻ പട്ടാങ്കുളം എന്നിവർ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ പ്രസംഗിക്കും. കട്ടപ്പനയിൽ നടക്കുന്ന സമാപന സമ്മേളനം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപതാ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും.
രൂപതാ ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഗ്ലോബൽ സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴിയിൽ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, രൂപതാ ഭാരവാഹികളായ ജോസ് തോമസ് ഒഴുകയിൽ, വെള്ളയാംകുടി ഫൊറോനാ പ്രസിഡന്റ് ജോർജ് മാവുങ്കൽ, യൂണിറ്റ് പ്രസിഡന്റ് ടി.ജെ. ജേക്കബ്, കെസിവൈഎം രൂപതാ പ്രസിഡന്റ് സാം സണ്ണി, സിഎംഎൽ രൂപതാ പ്രസിഡന്റ് സെസിൽ ജോസ്, ടീച്ചേഴ്സ് ഗിൽഡ് രൂപതാ പ്രസിഡന്റ് നോബിൾ വലിയമറ്റം തുടങ്ങിയവർ പ്രസംഗിക്കും.
ഭാരതത്തിന്റെ ഭരണഘടന സംരക്ഷിക്കുക, മതേതരത്വം നിലനിർത്തുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുക, അധ്യാപക നിയമന നടപടികളിലെ അന്യായമായ വിവേചനം അവസാനിപ്പിക്കുക, വന്യമൃഗ ആക്രമണം തടയുന്നതിനു ശക്തമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ യാത്ര നടത്തുന്നത്.