ഇരുപതു മാസം, പത്തു ജീവന്
1598649
Friday, October 10, 2025 10:26 PM IST
നാടുവിറപ്പിച്ച് കാട്ടാനക്കലി
അടിമാലി: കാട്ടാനആക്രമണം ചെറുക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടി സ്വീകരിക്കുമെന്നു വനംവകുപ്പ് പറഞ്ഞുകൊണ്ടിരിക്കുന്പോഴും കാട്ടാനവിളയാട്ടത്തിൽ വിറങ്ങലിച്ച് നാട്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം പെരുകി.
കഴിഞ്ഞ ഇരുപതു മാസത്തിനുള്ളില്‍ മാത്രം ആനക്കലിയില്‍ ജീവന് നഷ്ടമായത് പന്ത്രണ്ട് പേര്‍ക്ക്. 2024ൽ ഏഴു പേരും ഈ വര്‍ഷം ഇതുവരെ അഞ്ചു പേരും കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ജോസഫ് വേലുച്ചാമി കൊല്ലപ്പെട്ടതാണ് ഒടുവിലത്തെ സംഭവം.
ജീവൻ നഷ്ടമായവർ
കഴിഞ്ഞ ഫെബ്രുവരിയില്‍ വിമലയെന്ന ആദിവാസി സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊന്നു. പെരുവന്താനം കൊമ്പന്‍പാറയില്‍ വീട്ടമ്മയായ സോഫിയ, മീന്മുട്ടിക്കു സമീപം ഗോത്ര വിഭാഗത്തില്‍പ്പെട്ട സീത, പെരുവവന്താനം മതമ്പയില്‍ കര്‍ഷകനായ പുരുഷോത്തമന് എന്നിവരാണ് ഈ വര്‍ഷം കാട്ടാന ആക്രമണത്തിന് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ.
2024 ജനുവരിയില്‍ പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം, ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൂന്നാറിലെത്തിയ കോയമ്പത്തൂര്‍ സ്വദേശി കെ. പോള്‍രാജ്, ബിഎല്‍ റാവ് സ്വദേശി സൗന്തര്രാജന്, ഫെബ്രുവരിയില്‍ മൂന്നാര്‍ കന്നിമലയില്‍ ഓട്ടോ തൊഴിലാളിയായ സുരേഷ് കുമാര്‍, മാര്‍ച്ചില്‍ അടിമാലി കാഞ്ഞിരവേലി സ്വദേശിയായ വീട്ടമ്മ ഇന്ദിര, ജൂലൈയില്‍ ചിന്നക്കനാല്‍ ടാങ്ക്കുടി സ്വദേശി കണ്ണന്, ഡിസംബബറില് മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇബ്രാഹിം എന്നിവരാണ് മരിച്ചത്.
മാസങ്ങളുടെയും ആഴ്ചകളുടെയും ഇടവേളകളിൽ കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമാകുന്ന സ്ഥിതിയാണ്.
പ്രഖ്യാപനങ്ങളല്ലാതെ ഫലപ്രദമായ പ്രതിരോധ മാര്‍ഗം രൂപപ്പെടുത്തി കാട്ടാനകളെ നാട്ടിൽനിന്നു തുരത്താൻ വനംവകുപ്പിനു കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാതെ കർഷകരെ എങ്ങനെ കുടിയിറക്കി വനവ്യാപ്തി കൂട്ടാമെന്ന ഗവേഷണത്തിലാണ് ഉദ്യോഗസ്ഥർ എന്നതാണ് നാട്ടുകാരുടെ പരാതി.