ഇന്ന് സ്മാർട്ടാകും വണ്ണപ്പുറം കൃഷിഭവൻ
1599201
Sunday, October 12, 2025 11:40 PM IST
തൊടുപുഴ: ജില്ലയിലെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ ഇന്നു വണ്ണപ്പുറത്ത് തുറക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. 1.38 കോടി മുടക്കിയാണ് പുതിയ മന്ദിരം നിർമിച്ചത്. കർഷകരുടെ ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് സർക്കാർ നബാർഡിന്റെ ധനസഹായത്തോടെ കെട്ടിടം നിർമിച്ചത്. ഇതിനിടെ കൃഷിഭവൻ നിർമാണം പൂർത്തിയായി ഏറെ നാളായിട്ടും ഉദ്ഘാടനം വൈകുന്നത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നേരത്തേയും കൃഷിഭവൻ ഉദ്ഘാടനത്തിനു സമയം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
കർഷകർക്കായുള്ള പരിശീലനഹാൾ, കാർഷികോത്പന്നങ്ങൾ വിപണനം ചെയ്യാനുള്ള ഇക്കോ ഷോപ്പ്, രോഗ കീട ബാധ തിരിച്ചറിയുന്നതിനും പ്രതിവിധികൾ സ്വീകരിക്കുന്നതിനുമായി പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്, ജൈവനിയന്ത്രണ ഉപാധികൾ വിതരണം ചെയ്യാനായി ബയോ ഫാർമസി, ഫ്രണ്ട് ഓഫീസ് തുടങ്ങിയ സംവിധാനങ്ങൾ കൃഷിഭവനോടനുബന്ധിച്ച് സജ്ജമാക്കിയിട്ടുണ്ട്. കൃഷിഭവൻ സ്മാർട്ടാകുന്നതോടെ കർഷകർക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു.
ഇന്നു നടക്കുന്ന യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഏബ്രഹാം സെബാസ്റ്റ്യൻ സ്മാർട്ട് കൃഷിഭവൻ പദ്ധതി വിശദീകരിക്കും. ആത്മ ഇടുക്കി പ്രോജക്ട് ഡയറക്ടർ ഡീന ഏബ്രഹാം ക്രോപ്പ് ഹെൽത്ത് ക്ലിനിക് ആൻഡ് സോയിൽ ഹെൽത്ത് കാർഡ് അവതരണം നടത്തും. കെഎൽഡിസി ചെയർമാൻ പി.വി. സത്യനേശൻ മുഖ്യാതിഥിയാകും.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, വൈസ് പ്രസിഡന്റ് ദിവ്യ അനീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ റഹീമ പരീത്, ജഗദമ്മ വിജയൻ, സുബൈദ സുബൈർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആൽബർട്ട് ജോസ്, ഷൈനി സന്തോഷ്, രവി കൊച്ചിടക്കുന്നേൽ എന്നിവർ പ്രസംഗിക്കും. മുതിർന്ന കർഷകൻ കുന്നപ്പള്ളിൽ സേവ്യർ ഔസേപ്പിനെ ചടങ്ങിൽ ആദരിക്കും. കാർഷിക സെമിനാറുകൾ, അഗ്രോ ക്ലിനിക്ക് എന്നിവയും നടക്കും.