യുവാവിനെ മർദിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ
1599194
Sunday, October 12, 2025 11:40 PM IST
ശാന്തൻപാറ: മുൻ വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ മർദിച്ച സംഭവത്തിൻ മൂന്നു പേർ പിടിയിൽ.ശാന്തൻപാറ പേത്തൊട്ടി ആലുംമൂട്ടിൽ രാജേഷ്, കുറുംപെലിൽ അലൻ, എസ്റ്റേറ്റ് പൂപ്പാറ കാക്കുന്നേൽ അർജുൻ എന്നിവരെയാണ് ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തത്. ശാന്തൻപാറ പേത്തൊട്ടി വാഴേപറമ്പിൽ വിനീഷാണ് മർദനത്തിനിരയായത്.
ആഴ്ചകൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. പോത്തൊട്ടിയിലെ കൃഷിയിടത്തിൽനിന്നു ജോലി കഴിഞ്ഞ് വിനീഷ് മടങ്ങുന്നതിനിടെ വാഹനം തടഞ്ഞു നിർത്തി മൂന്നംഗ സംഘം മർദിക്കുകയായിരുന്നു. വാഹനത്തിൽനിന്നു പിടിച്ചിറക്കി കമ്പിവടിയും കാപ്പിവടിയും ഉപയോഗിച്ച് മർദിച്ചതായി പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ പരിക്കേറ്റ വിനീഷ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ശാന്തൻപാറ പോലീസിൽ നൽകിയിരുന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സിഎച്ച്ആർ ഭൂമിയിൽനിന്നു മരം മുറിച്ചു കടത്തുന്നത് വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്നാണ് ഇവർ തന്നെ ആക്രമിച്ചതെന്ന് വിനീഷ് പറയുന്നു. വ്യക്തികൾ തമ്മിലുള്ള കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണ് പോലീസ് പറയുന്നത്.അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.