മുതലക്കോടം സ്കൂളിൽ മോഷണശ്രമം
1598484
Friday, October 10, 2025 5:18 AM IST
തൊടുപുഴ: മുതലക്കോടം സേക്രഡ് ഹാർട്ട് എച്ച്എസിൽ മോഷണശ്രമം. ഹെഡ്മിസ്ട്രസിന്റെയും അധ്യാപകരുടേയും മുറികളുടെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്. മേശക്കുള്ളിലുണ്ടായിരുന്ന ഫയലുകൾ വലിച്ച് പുറത്തിടുകയും സിസിടിവി കാമറകൾ മുകളിലോട്ട് തിരിച്ചുവച്ച നിലയിലുമായിരുന്നു. ഓഫീസ്മുറിയിലുണ്ടായിരുന്ന സിസിടിവിയുടെ ഡിവിആറും ഇന്റർനെറ്റ് മോഡവും അപഹരിച്ചു.
ഓഫീസിലെ ചാരിറ്റിബോക്സിലെ നാണയതുട്ടുകൾ മുറിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ സ്കൂളിലെത്തിയ ജീവനക്കാരിയാണ് താഴ് തകർത്തനിലയിൽ കണ്ടെത്തിയത്. തൊടുപുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.