സ്കൂള്‍ മുറ്റത്ത് വസന്തമൊരുക്കി കുരുന്നുകളുടെ സൗഹൃദം
1599458
Monday, October 13, 2025 11:40 PM IST
രാജാക്കാട്: സ്കൂള്‍ മുറ്റത്ത് വര്‍ണാഭമായ വസന്തകാലമൊരുക്കി പഴയവിടുതി ഗവ.യു പി സ്കൂളിലെ വിദ്യാര്‍ഥികള്‍. കുട്ടികളില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം വിവിധ ഇനം ചെടികളും നട്ട് പരിപാലിക്കുന്നത്.
ഏറ്റവും ആകര്‍ഷണം പൂത്തുനില്ക്കുന്ന ജമന്തി പൂക്കള്‍ തന്നെയാണ്.
ഹൈറേഞ്ചിന്റെ ഹരിതവിദ്യാലയമെന്നാണ് രാജാക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള പഴയവിടുതി ഗവ. യുപി സ്കൂളിനെ അറിയപ്പെടുന്നത്.
ചെടികളുടെ പരിപാലനവും കുട്ടികള്‍ക്കു തന്നെയാണ്. കുട്ടികള്‍ക്ക് വേണ്ട നിര്‍ദേശങ്ങളും സഹായയങ്ങളും എത്തിച്ച് പ്രധാനാധ്യാപകന് എ.എസ്. ആസാദ്, ജോഷി തോമസ് അടക്കമുള്ള അധ്യാപകരും പിടിഎയും ഒപ്പമുണ്ട്.
ജമന്തിക്കൊപ്പം ചെടിച്ചട്ടികളില്‍ വിവിധ ഇനം ബോള്‍സ് ചെടികള്‍, വള്ളിയില്‍ പടര്‍ന്നുകയറി എന്നും പൂക്കള്‍ ഉണ്ടാകുന്ന വള്ളിച്ചെടികള്‍, റോസ, മുല്ല അങ്ങനെ നിരവധിയാണ് കുരുന്നുകളുടെ പൂന്തോട്ടത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നത്.