പൈപ്പ് മൂടി മണ്ണിട്ട റോഡിൽ ഭീഷണിയായി കിടങ്ങ്
1599455
Monday, October 13, 2025 11:40 PM IST
മുട്ടം: കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനെടുത്ത കുഴി മണ്ണിട്ട് നികത്തിയെങ്കിലും റോഡിൽ വലിയ കിടങ്ങ് രൂപപ്പെട്ടത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. മുട്ടം കോടതിക്കവലയിലെ റോഡിലാണ് അപകടക്കെണിയായി കിടങ്ങ് രൂപപ്പെട്ടത്. മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി ജൽജീവൻ മിഷൻ അധികൃതരുടെ നേതൃത്വത്തിലാണ് റോഡ് കുഴിച്ച് പൈപ്പുകൾ സ്ഥാപിക്കുന്നത്. രണ്ടിടങ്ങളിലായി പത്ത് മീറ്ററോളം നീളത്തിലാണ് കിടങ്ങ് രൂപപ്പെട്ടിട്ടുള്ളത്. പൈപ്പ് സ്ഥാപിച്ചിട്ട് മണ്ണിട്ട് നികത്തിയതിലെ അപാകതയാണ് കാരണം.
മൂലമറ്റം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിങ്ങനെ വിവിധ ഭാഗങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലാണ് ഈ സ്ഥിതി. കാൽ നടയാത്രക്കാരെപ്പോലും അപകടത്തിലാക്കുന്ന വിധത്തിലാണ് വലിയ പൈപ്പുകൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്.