ഇടുക്കിയിൽ വികസന സുഗന്ധം; സ്പൈസസ് പാർക്ക് ഒരുങ്ങുന്നു
1599450
Monday, October 13, 2025 11:40 PM IST
തൊടുപുഴ: വാണിജ്യ വ്യവസായ മേഖലയിൽ ജില്ലയ്ക്ക മുതൽക്കൂട്ടായി കിൻഫ്ര സ്പൈസസ് പാർക്ക് നിർമാണം പുരോഗമിക്കുന്നു. മുട്ടത്തിനു സമീപം തുടങ്ങനാടാണ് എല്ലാ സൗകര്യങ്ങളോടെയുമുള്ള സ്പൈസസ് പാർക്ക് പ്രവർത്തനസജ്ജമാകുന്നത്.
36 ഏക്കറിലാണ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 15 ഏക്കറിലെ ഒന്നാംഘട്ടം 2023 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചിരുന്നു. രണ്ടാം ഘട്ടമാണ് ഇപ്പോൾ നിർമാണം പുരോഗമിക്കുന്നത്. ജില്ലയിൽ ഉത്പാദിപ്പിക്കപ്പെടുന്ന നാണ്യ, സുഗന്ധവിളകൾ മൂല്യവർധിതമാക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് സ്പൈസസ് പാർക്കിൽ ഒരുങ്ങുന്നത്.
മൂല്യവർധിത ഉത്പന്നങ്ങൾ
നാണ്യവിളകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും കാർഷിക വിളകൾക്കും ഒരുപോലെ പ്രാധാന്യമുള്ള ജില്ലയിൽ കുരുമുളകും ഏലവും ഇഞ്ചിയും മഞ്ഞളും ജാതിക്കായും ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. എന്നാൽ, വിളകൾക്ക് ആവശ്യമായ വില ലഭിക്കാത്തതിനു കാരണം. മൂല്യവർധിത ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ അഭാവമാണ്. ഇതിനുള്ള പരിഹാരമാണ് കിൻഫ്ര സ്പൈസസ് പാർക്കിൽ വരുന്ന വിവിധ വ്യവസായ സംരംഭങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ഒരിടത്തുതന്നെ വിളകളുടെ സംഭരണം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ വിതരണം തുടങ്ങിയവ സാധ്യമാകും. ഇതു കാർഷിക വ്യാവസായിക മേഖലയ്ക്ക് ഉണർവു പകരും. ഇതോടൊപ്പം കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൂടുതൽ കന്പനികളും സാങ്കേതികവിദ്യകളും മേഖലയിലേക്കെത്തുന്നതിനും കാരണമാകും. വിളകളുടെ വില കൂടുന്നതിലൂടെ കർഷകർക്കും ഇതിന്റെ ഗുണഫലങ്ങൾ ലഭ്യമാകും.
600 തൊഴിൽ അവസരങ്ങൾ
ഒന്നാംഘട്ടത്തിലെ 15 ഏക്കറിൽ ഒന്പത് ഏക്കർ 11 സ്ഥാപനങ്ങൾക്കായി അനുവദിച്ചു. ഇതിലൂടെ മാത്രം 170 കോടിയോളം രൂപയുടെ നിക്ഷേപവും 600 -ഓളം തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. ഫ്രൂട്സ് വാലി ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കന്പനി പാർക്കിൽ നിർമാണം ഇതിനകം ആരംഭിച്ചു. അഭിറാം അഗ്രോ ഇൻഡസ്ട്രീസ്, സ്പൈസെൻസ് എന്നിവയും വൈകാതെ നിർമാണം തുടങ്ങും. 21 ഏക്കറിലാണ് രണ്ടാംഘട്ടം. റോഡുകൾ, ജല വൈദ്യുത വിതരണ സൗകര്യങ്ങൾ, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവയുടെ വികസിപ്പിക്കലാണ് മുഖ്യം. 60 ശതമാനവും പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
റോഡ്, ജലസംഭരണി, ചുറ്റുമതിൽ, മലിനജല നിർഗമന സംവിധാനം, സംരക്ഷണഭിത്തി തുടങ്ങിയവയുടെ നിർമാണം പുരോഗമിക്കുകയാണ്. ഒന്നാംഘട്ടത്തിലെ അടിസ്ഥാന സൗകര്യങ്ങൾ രണ്ടാംഘട്ടത്തിലെ ഭൂമിയിൽ അനുവദിക്കുന്ന വ്യവസായങ്ങൾക്കും പ്രയോജനപ്പെടും. ആകെ 23.73 കോടിയാണ് പദ്ധതിച്ചെലവ്. ഇതിൽ 16.78 കോടി ആദ്യഘട്ട പ്രവർത്തനങ്ങൾക്കു ചെലവഴിച്ചു. ജനുവരിയോടെ നിർമാണം പൂർത്തിയാക്കി കന്പനികൾക്കു സ്ഥലം കൈമാറും.