വാര്‍ഷിക പൊതുയോഗം ഇന്ന്
1599459
Monday, October 13, 2025 11:40 PM IST
അടിമാലി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇടുക്കി ഡിസ്ട്രിക്ട് ട്രേഡേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് അടിമാലിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 11ന് അടിമാലി ക്ലബ് ഓഡിറ്റോറിയത്തിലാണ് വാര്‍ഷിക പൊതുയോഗം നടക്കുന്നത്.
സംഘടനയിലെ അംഗങ്ങള്‍ക്ക് രോഗത്തെത്തുടര്ന്നോ അപകടം മൂലമോ സംഭവിക്കാവുന്ന ചികിത്സാച്ചെലവുകള്‍ക്കും മരണം സംഭവിച്ചാല്‍ ആ കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ക്കും കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയാണ് വെല്‍ഫെയര്‍ സൊസൈറ്റി പ്രവര്‍ത്തിക്കുന്നതെന്ന് സംഘടനാ ജില്ലാ പ്രസിഡന്റ്് സണ്ണി പൈമ്പിള്ളി പറഞ്ഞു.
സംഘടനയിലെ അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന കുടുംബ സുരക്ഷാനിധിയുടെ വിതരണം നാളെ നടക്കുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു നിര്‍വഹിക്കും. മരണപ്പെട്ട 10 അംഗങ്ങളുടെ അവകാശികള്‍ക്ക് 6.5 ലക്ഷം രൂപയുടെ കുടുംബ സുരക്ഷാനിധിയാണ് കൈമാറുന്നത്.
ചടങ്ങില്‍ സൊസൈറ്റി ചെയര്മാന് ഡയസ് ജോസ് അധ്യക്ഷത വഹിക്കും. സൊസൈറ്റി വൈസ് ചെയര്മാന് കെ.ആര്. വിനോദ്, സെക്രട്ടറി തങ്കച്ചന് കോട്ടയ്ക്കകം, ട്രഷറര്‍ സിബി കൊച്ചുവള്ളാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ഹാജി നജീബ് ഇല്ലത്തുപറമ്പില്‍, ആര്. രമേശ്, വി.എസ്. ബിജു എന്നിവര്‍ പ്രസംഗിക്കും. ജില്ലയിലെ ചില ആശുപത്രികളില്‍ സൊസൈറ്റി അംഗങ്ങള്‍ക്കുള്ള ചികിത്സ ഡിസ്കൗണ്ട് പദ്ധതിയുടെ ധാരണാപത്രം ആശുപത്രി അധികൃതര്‍ സൊസൈറ്റി ചെയര്മാന് കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു.