വിശ്വാസസംരക്ഷണ യാത്രയ്ക്ക് തൊടുപുഴയിൽ ഉജ്വല സ്വീകരണം
1599994
Wednesday, October 15, 2025 11:27 PM IST
തൊടുപുഴ: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരേ കെപിസിസിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാൻ എംപി നയിക്കുന്ന വിശ്വാസസംരക്ഷണ യാത്രയ്ക്ക് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ഉജ്വലസ്വീകരണം നൽകി.
ജില്ലാ അതിർത്തിയായ അച്ചൻകവലയിൽനിന്നു നൂറുകണക്കിനു പ്രവർത്തകരുടെ നേതൃത്വത്തിൽ ജാഥയെ നഗരത്തിലേക്ക് സ്വീകരിച്ചാനയിച്ചു. തുടർന്നു ഗാന്ധിസ്ക്വയറിൽ ചേർന്ന യോഗം പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കുറ്റവാളികളെ കണ്ടെത്തുന്നതുവരെ യുഡിഎഫ് സമരരംഗത്തുണ്ടാകുമെന്നും ചെങ്ങന്നൂരിൽനിന്നു പന്തളം വരെ താനും വിശ്വാസ സംരക്ഷണയാത്രയിൽ പങ്കുചേരുമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിച്ചു.
ശബരിമലയിലെ സ്വർണപ്പാളികൾ ചെന്പാക്കിമാറ്റി സ്വർണം പൂശാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ട ദേവസ്വം ബോർഡും സർക്കാരും കടുത്ത തട്ടിപ്പ് നടത്തിയെന്നു ജാഥാ ക്യാപ്റ്റൻ ബെന്നി ബഹനാൻ എം പി പറഞ്ഞു. 2025ലും തട്ടിപ്പിനു കൂട്ടുനിന്ന അന്പലംവിഴുങ്ങി മന്ത്രി രാജി വച്ചൊഴിയണം. ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താനുള്ള ഗൂഢശ്രമം തകർത്തേ മതിയാവൂ. പിണറായിയുടെ ദൗർബല്യമാണ് സ്വർണം.
ഡിപ്ലോമാറ്റിക് ചാനലിലൂടെ സ്വർണം കടത്തുന്നതിനേക്കാൾ സൗകര്യം ക്ഷേത്രങ്ങളിൽനിന്നു ചെന്പാക്കി കടത്തുന്നതാണെന്നുമനസിലാക്കി ചെയ്ത കൊള്ള വെളിച്ചത്തുകൊണ്ടുവരണം. കുറ്റവാളികളായ ഉന്നതരെ തുറുങ്കിലടയ്ക്കണം. ലക്ഷക്കണക്കിനു വിശ്വാസികളുടെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാഥാവൈസ് ക്യാപ്റ്റൻ വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, ജയ്സണ് ജോസഫ്, ഐ.കെ. രാജു, പി.എ. സലിം, ബി.എ. അബ്ദുൾ മുത്തലിബ്, അഡ്വ.എസ്. അശോകൻ, ഇ.എം. ആഗസ്തി, ജോയി തോമസ്, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, ജോയി വെട്ടിക്കുഴി, എം.ജെ. ജേക്കബ്, തോമസ് രാജൻ, എം.എൻ. ഗോപി, എ.പി. ഉസ്മാൻ, നിഷ സോമൻ, ഷിബിലി സാഹിബ്, രാജു ഓടയ്ക്കൽ, സേനാപതി വേണു, പി.വി. സ്കറിയ, എം.ഡി. അർജുനൻ തുടങ്ങിയവർ പ്രസംഗിച്ചു.