സെൻട്രൽ കേരള സഹോദയ കലോത്സവം : നിർമല പബ്ലിക് സ്കൂൾ ബഹുദൂരം മൂന്നിൽ
1600572
Saturday, October 18, 2025 12:02 AM IST
തൊടുപുഴ: സെൻട്രൽ കേരള സഹോദയ കലോത്സവം സർഗധ്വനി-2025 രണ്ടുനാൾ പിന്നിട്ടപ്പോൾ കിരീട പോരാട്ടത്തിൽ മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ബഹുദൂരം മൂന്നിലെത്തി. കണ്ണിനും കാതിനും കുളിർമയേകി വിവിധ വേദികളിൽ അരങ്ങേറിയ മൽസരങ്ങൾക്ക് ഇന്നു തിരശീല വീഴും. നൃത്തയിനങ്ങളിൽ അഴകിന്റെ വിരുന്നായി മാറി കലാപ്രതിഭകളുടെ പോരാട്ടം. 683 പോയിന്റ് നേടി മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ ഒന്നാംസ്ഥാനത്താണ്. 621 പോയിന്റോടെ വാഴക്കുളം കാർമൽ പബ്ലിക് സ്കൂൾ രണ്ടാമതും 513 പോയിന്റുമായി ആതിഥേയരായ വിമല പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനത്തുമാണ്.
തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂൾ- 451, കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂൾ-426, വാളകം ബ്രൈറ്റ് പബ്ലിക് സ്കൂൾ-440 എന്നിങ്ങനെയാണ് മറ്റു സ്കൂളുകളുടെ പോയിന്റ് നില. ഇന്ന് ഒപ്പന, ദഫ്മുട്ട്, കുച്ചുപ്പുടി, കോൽക്കളി തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും. വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള ചലച്ചിത്ര നാടക അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ, തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്യും.
മോഹിനിയാട്ടത്തിൽ ആദിത്യയും കീർത്തനയും
തൊടുപുഴ: സഹോദയ കലോത്സവം കാറ്റഗറി-4 വിഭാഗത്തിലെ വീറും വാശിയും നിറഞ്ഞ മോഹിനിയാട്ട മൽസരത്തിൽ രണ്ടുപേർക്ക് ഒന്നാം സ്ഥാനം. തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂളിലെ ആദിത്യ ബിജുവും മൂവാറ്റുപുഴ സെന്റ് തോമസ് പബ്ലിക് സ്കൂളിലെ കീർത്തന സുദീപുമാണ് വിജയം പങ്കിട്ടത്. കുടയത്തൂർ അറയ്ക്കകുന്നേൽ ബിജു-അനു ദന്പതികളുടെ മകളാണ് ആദിത്യ.
അഞ്ചാം ക്ലാസിനു ശേഷം കലോത്സവ വേദിയിൽ എത്തിയ ആദിത്യ ഒരിനത്തിൽ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയപ്പോൾ കീർത്തന കഴിഞ്ഞ നാലു വർഷമായി വിജയത്തേര് തെളിക്കുകയാണ്. ഗുരുവായ ഷൈബി കൃഷ്ണയുടെ കീഴിലാണ് നൃത്ത പരിശീലനം. കുച്ചുപ്പുഡി, ഭരതനാട്യം, നാടോടിനൃത്തം എന്നിവയും പരിശീലിക്കുന്നുണ്ട്. മൂവാറ്റുപുഴ മേക്കടന്പ് ശ്രീശൈലത്തിൽ പരേതനായ സുധീപ് പുരുഷോത്തമൻ-ജെയ്സി ദന്പതികളുടെ മകളാണ് കീർത്തന.