റവന്യു ജില്ലാ കായിക മേളയുടെ രണ്ടാം ദിനത്തിൽ കട്ടപ്പന സബ്ജില്ലയുടെ കുതിപ്പ്
1600556
Friday, October 17, 2025 10:54 PM IST
നെടുങ്കണ്ടം: ഹൈ ആൾറ്റിറ്റ്യൂഡ് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന റവന്യു ജില്ലാ കായിക മേളയുടെ രണ്ടാം ദിനത്തിൽ കട്ടപ്പന സബ്ജില്ലയുടെ കുതിപ്പ്. 283 പോയിന്റുമായാണ് കട്ടപ്പനയുടെ മുന്നേറ്റം.
173 പോയിന്റുമായി അടിമാലി സബ്ജില്ലയാണ് തൊട്ടരികിൽ. പീരുമേട് സബ്ജില്ല - 80, തൊടുപുഴ - 71, നെടുങ്കണ്ടം - 65, അറക്കുളം - 11 , മൂന്നാർ -1 എന്നിങ്ങനെയാണ് പോയിന്റു നില.
സ്കൂൾ തലത്തിൽ കാൽവരി ഹൈസ്കൂൾ രണ്ടാം ദിനത്തിലും 104 പോയിന്റുമായി ആധിപത്യം തുടർന്നു. എൻആർ സിറ്റി എസ്എൻവി 91 പോയിന്റോടെ രണ്ടാമതും ഇരട്ടയാർ സെന്റ് തോമസ് 52 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ഇന്നലെ മഴ മാറിനിന്നത് താരങ്ങൾക്കും സംഘാടകർക്കും ആശ്വാസമാ
യി. ഇതു മൂലം മത്സരങ്ങൾ കൃത്യസമയത്തു പൂർത്തീകരിക്കാനും സാധിച്ചു. ഇന്ന് 1500 മീറ്റർ ഫൈനൽ, 400 മീറ്റർ ഫൈനൽ, റിലേ മത്സരങ്ങളുടെ ഫൈനൽ, ഹാമർ ത്രോ, ട്രിപ്പിൾ ജംപ്, പോൾ വാൾട്ട് എന്നിവ നടക്കും. സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ വിജയികൾക്കു ട്രോഫികൾ വിതരണം ചെയ്യും. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ അധ്യക്ഷത വഹിക്കും.
വന്യൂ ജില്ലാ കായികമേള: തൊട്ടതെല്ലാം പൊന്നാക്കി സഹോദരങ്ങൾ
നെടുങ്കണ്ടം: കായികമേളയിൽ രണ്ട് സ്കൂളുകളെ പ്രതിനിധീകരിച്ചാണ് വന്നതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കി മൂവർ സംഘം ഒരു വീട്ടിലേക്കു മടങ്ങി. കാൽവരിമൗണ്ട് കോനാട്ട് സെബാസ്റ്റ്യൻ - മഞ്ജു ദന്പതികളുടെ മക്കളായ സെബിനും സെറിനും സോബിനും മിന്നും വിജയമാണ് കരസ്ഥമാക്കിയത്. സെബിൻ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. മേളയിൽ 800 മീറ്ററിൽ ഒന്നാം സ്ഥാനവും 400 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനവും സെബിൻ നേടി.
കാൽവരിമൗണ്ട് സിഎച്ച്എസിലെ വിദ്യാർഥികളാണ് സെറിനും സോബിനും. സെറിൻ 100, 200 മീറ്റർ എന്നിവയിൽ ഒന്നാം സ്ഥാനവും 400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും നേടിയപ്പോൾ സോബിൻ 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും 400 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കഴിഞ്ഞ വർഷവും സെബിനും സെറിനും ജില്ലാ കായികമേളയിൽ എത്തിയിരുന്നു. പിതാവായ സെബാസ്റ്റ്യനും മുന്പ് ജില്ലാതല കായികമേളകളിൽ പങ്കെടുത്തിട്ടുണ്ട്.
പരിശീലനം റോഡിൽ, നടന്നു സ്വർണം നേടി
നെടുങ്കണ്ടം: പരിശീലനം റോഡിലായിരുന്നെങ്കിലും 800, 200 മീറ്റർ മത്സരങ്ങളിൽ അനയിന പി.അജ്മുദീനെ തോൽപ്പിക്കാൻ ആരുമുണ്ടായില്ല. മുണ്ടക്കയം സെന്റ് ആന്റണീസ് എച്ച്എസ്എസ് വിദ്യാർഥിനായാണ് അനയിന. നിലവിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാദമിയുടെ പരിശീലന ഗ്രൗണ്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചുട്ടുപൊള്ളുന്ന റോഡിലൂടെ പരിശീലനം നടത്തേണ്ടി വന്നു ഈ മിടുക്കിക്ക്.
കഴിഞ്ഞ വർഷം 600 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. കായികാധ്യാപകൻ സന്തോഷ് ജോർജാണ് പരിശീലകൻ. സ്പോർട്സ് അക്കാദമിയുടെ നാഷണൽ സ്പോർട്സ് മീറ്റിലും സ്റ്റേറ്റ് മീറ്റിലും മികച്ച വിജയം കൈവരിക്കാൻ അനയിനക്ക് സാധിച്ചു. അജ്മുദീൻ - ശെമീന ദന്പതികളുടെ മകളാണ്.