കുടുംബങ്ങൾ സമൂഹത്തിന്റെ കരുത്ത്: മാർ നെല്ലിക്കുന്നേൽ
1600575
Saturday, October 18, 2025 12:02 AM IST
രാജകുമാരി: കെട്ടുറപ്പുള്ള കുടുംബബന്ധങ്ങളാണ് സമൂഹത്തെ വളർത്തുന്നതെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ.
രാജകുമാരി ദൈവമാതാ ജൂബിലി തീർത്ഥാടന കേന്ദ്രത്തിൽ രൂപതയിലെ വിവാഹ, പൗരോഹിത്യ, സന്യാസ ജൂബിലി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവാഹവും കുടുംബജീവിതവും അനിവാര്യതയല്ല എന്ന് ചിന്തിക്കുന്ന വർത്തമാനകാലത്ത് ഒരുമയോടെ ജീവിച്ചതിന്റെ സംതൃപ്തിയിൽ ജൂബിലി ആഘോഷിക്കുന്ന ദമ്പതികൾ പുതുതലമുറയ്ക്ക് മാതൃകയാണ്.
പ്രാർഥനയിലും ആത്മീയതയിലും പരസ്പരമുള്ള വിശ്വസ്തതയിലും ബലവത്തായ കുടുംബ ബന്ധങ്ങൾക്ക് മാത്രമേ ആയുസ് ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ലോക രക്ഷകനും ദൈവപുത്രനുമായ ഈശോമിശിഹായുടെ തിരുജനനത്തിന്റെ മഹാജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിൽ 2025 ൽ പൗരോഹിത്യ, സന്ന്യാസ, വൈവാഹിക ജീവിതാന്തസുകളുടെ ജൂബിലി ആഘോഷിക്കുന്നവരുടെ രൂപതാതല സംഗമമാണ് രാജകുമാരിയിൽ നടന്നത്.
രൂപതയുടെ വിവിധ ഇടവകകളിൽ നിന്ന് എത്തിയ 200ൽപ്പരം ദമ്പതികളുടെയും അമ്പതോളം സമർപ്പിതരുടെയും കാഴ്ച സമർപ്പണത്തെ തുടർന്ന് രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ മുഖ്യ കർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.
ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ജൂബിലി സന്ദേശം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് കരിവേലിയ്ക്കൽ അധ്യക്ഷത വഹിച്ചു.
മോൺ. ജോസ് നരിതൂക്കിൽ, മോൺ. ഏബ്രഹാം പുറയാറ്റ്, രാജാക്കാട് ഫൊറോനാ വികാരി ഫാ. മാത്യു കരോട്ട്കൊച്ചറക്കൽ എന്നിവർ പ്രസംഗിച്ചു.
ജൂബിലേറിയൻമാരെ സർട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നൽകി ആദരിച്ചു. രൂപത ഫാമിലി അപ്പോസ്റ്റലേ റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജൂബിലേറിയൻസ് മീറ്റിന് ഫാമിലി അപ്പോസ്റ്റൊലേറ്റ് രൂപത ഡയറക്ടർ ഫാ. മാത്യു അഴകനാകുന്നേൽ, രൂപത പിതൃവേദി ഡയറക്ടർ ഫാ. ആന്റണി പാലാപുളിക്കൽ, രൂപത മാതൃവേദി ഡയറക്ടർ ഫാ. ജോസഫ് കാരിക്കൂട്ടത്തിൽ, ഫാ. അലക്സ് ചേന്നംകുളം, സിസ്റ്റർ സോഫിയ റോസ് സിഎംസി, സിസ്റ്റർ നിത്യ സിഎംസി, സിസ്റ്റർ ലീമാ റോസ് എസ്എബിഎസ്, സിസ്റ്റർ മെറിൻ എസ്എച്ച്, രൂപത പാസ്റ്ററൽ കൗൺസിൽ അംഗം അനൂപ് കുന്നേൽ എന്നിവർ നേതൃത്വം നൽകി.