സർക്കാർ ലക്ഷ്യം മുഴുവൻ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുകയെന്നത് മന്ത്രി റോഷി
1600558
Friday, October 17, 2025 10:54 PM IST
കട്ടപ്പന: മുഴുവൻ കുടുംബങ്ങളിലുംശുദ്ധജലമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.17 ലക്ഷത്തിൽനിന്ന് 48 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ സർക്കാരിന് കഴിഞ്ഞ 10 വർഷത്തിനിടെ കഴിഞ്ഞു. ജലത്തെ ആശ്രയിച്ചാണ് നമ്മുടെ നാടിന്റെ നിലനിൽപ്പ്. കുട്ടനാട്ടിലെ നെൽവയലുകൾ മുതൽ ഇടുക്കിയിലെ മലനിരകൾ വരെ മണ്ണിനെ പോഷിപ്പിക്കുന്ന നദികൾ മുതൽ കായലുകൾ വരെ നമുക്ക് അനുഗ്രഹവവും വെല്ലുവിളിയുമാണ്.
ജലവിഭവത്തിന്റെ മാനേജ്മെന്റ് കാര്യക്ഷമമായി സർക്കാർ നടത്തിവരുകയാണ്. ജലാശയങ്ങളുടെ ആഴം വർധിപ്പിക്കൽ, ഡാം ഡീസിൽറ്റേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക മേഖലയെ ശാക്തീകരിക്കുന്നതിന് മൈക്രോ ഇറിഗേഷൻ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ശാസ്ത്രീയ കൃഷിരീതികളിലൂടെ വിളവ് വർധിപ്പിക്കുകയാണ് ലക്ഷ്യം. നമ്മുടെ നാട്ടിൽനിന്നുള്ള ഹില്ലി അക്വ കുപ്പിവെള്ളം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. ഹരിത രീതിയിലുള്ള കുപ്പികൾ പുറത്തിറക്കുന്ന പദ്ധതിക്ക് ഉടൻ തുടക്കം കുറിക്കുമെന്നും വിഷൻ 2031 സെമിനാറിലൂടെ 2031 ൽ കേരളം എങ്ങനെയായിരിക്കണം എന്ന ചർചയ്ക്ക് തുടക്കം കുറിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പനയിൽ ജലവിഭവ വകുപ്പ് സംഘടിപ്പിച്ച വിഷന് 2031 സെമിനാര് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.1500 ലധികം പേരാണ് സെമിനാറിൽ പങ്കെടുത്തത്. രാവിലെ 10 ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ ജല വിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹ, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് എന്നിവർ ആമുഖ പ്രഭാഷ
ണവും ജലവിഭവ വകുപ്പിന്റെ വിവിധ പദ്ധതികളുടെ റിപ്പോർട്ട് അവതരണവും നടത്തി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 27 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ നൽകിയതായി റിപ്പോർട്ടിൽ വിശദീകരിച്ചു.
റീബിൽഡ് കേരളയിൽ 303 കോടിയുടെ 17 പദ്ധതികളാണ് നടപ്പാക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കി.എല്ലാവർക്കും സുസ്ഥിരമായ ജലവിതരണ സംവിധാനങ്ങൾ ഉറപ്പാക്കൽ,
മലിനീകരണ നിയന്ത്രണം-ശുദ്ധീകരണ സാങ്കേതികവിദ്യകൾ, ജല പുനരുപയോഗം, ഭൂഗർഭജല സംരക്ഷണം, റീചാർജ്, സുസ്ഥിരമായ ഉപയോഗംതുടങ്ങി വിവിധ വിഷയങ്ങളിലാണ് ചർച്ചകൾ നടക്കുന്നത്.
എംഎൽഎമാരായ എം.എം. മണി, എ. രാജ, കേരള വാട്ടർ അതോറിറ്റി എം ഡി പി.ബി. നൂഹ് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ.കെ.ജെ. ബെന്നി, വാർഡ് കൗൺസിലർ ജാൻസി ബേബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ്, മർച്ചന്റ്് അസോസിയേഷൻ പ്രസിഡന്റ്് സാജൻ ജോർജ്, കാർഷിക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ, ജലവിഭവ വകുപ്പ് ചീഫ് എൻജിനിയർമാരായ ബിനോയി ടോമി ജോർജ്, വി.കെ. പ്രദീപ്, ഗ്രൗണ്ട് വാട്ടർ വകുപ്പ് ഡയറക്ടർ ഇൻ-ചാർജ് റിനി റാണി, സംഘാടക സമിതി അംഗങ്ങളായ ഇടുക്കി ഗ്രാമവികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ. മനോജ് എം. തോമസ്, വി. ആർ. ശശി, ജിൻസൺ വർക്കി, ഷാജി നെല്ലിപ്പറമ്പിൽ, ഷാജി പാമ്പൂരി തുടങ്ങിയവർ പങ്കെടുത്തു.