സാൻജോയും കാർമലും നാടകത്തിൽ മുത്തമിട്ടു
1601093
Sunday, October 19, 2025 11:21 PM IST
തൊടുപുഴ: അഭിനയരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച ഫാ. സിജു പോൾ പാലത്താനത്ത് സംവിധാനം നിർവഹിച്ച ഇംഗ്ലീഷ് നാടകങ്ങൾ വിജയമധുരം പങ്കിട്ടു. കൊടുവേലി സാൻജോ സിഎംഐ പബ്ലിക് സ്കൂളിന്റെയും വാഴക്കുളം കാർമൽ പബ്ലിക് സ്കൂളിന്റെയും നാടകം സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
യൂജിൻ ദാനീലിന്റെ വേർ ദ ക്രോസ് ഈസ് മെയ്ഡ് എന്ന നാടകത്തിന്റെ പശ്ചാത്തലത്തിൽ കാർമൽ സ്കൂൾ അവതരിപ്പിച്ച നാടകം ഭാവത്തിലും അഭിനയത്തിലും നാടകീയതയിലും മികച്ചുനിന്നു.
കപ്പൽ തകർന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നിധിയുമായി തിരിച്ചുവരുമെന്ന സ്വപ്നവുമായി കഴിയുന്ന ക്യാപ്റ്റൻ ബാർട്ടിലെറ്റിനെയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ക്യാപ്റ്റൻ മരിക്കുന്പോൾ മകൻ നാറ്റ് ആ ദൗത്യം ഏറ്റെടുക്കുകയും കുടുംബംമുഴുവൻ വിനാശകരമായ അത്യാഗ്രഹത്തിനു അടിമപ്പെടുകയും ചെയ്യുന്ന രംഗങ്ങളാണ് നാടകത്തിൽ അനാവരണം ചെയ്യുന്നത്. കെവിൻ ആന്റണി, ജോഷി, ടെസ ഷിമ്മി, ജെറോം മാത്യു, ജൂഡ് ജെയിംസ് എന്നിവരായിരുന്നു അഭിനേതാക്കൾ.
സാൻജോ സ്കൂൾ കിംഗ് ലിയർ എന്ന നാടകത്തിന്റെ പശ്ചാത്തലത്തിൽ സ്വത്തുക്കൾ എഴുതിവാങ്ങി മാതാപിതാക്കളെ കറിവേപ്പില പോലെ പുറന്തള്ളുന്ന സാമൂഹിക വ്യവസ്ഥയെ തുറന്നുകാട്ടുന്നു.
ഡാൻസി ജോയി, ഇവ റോസ് സിബി, ആൻമരിയ ബിനു, നേഹ കാപ്പൻ, പീറ്റർ ജോസഫ്, ഏഡൻ, ജോവാൻ, ജൂവൽ യേശുദാസ്, മിലൻ തെക്കേക്കര എന്നിവരാണ് ഇതിൽ മികവാർന്ന അഭിനയം കാഴ്ചവച്ചത്. ആദിത്യനാഥ്, ജെസ്വിൻ ജിനേഷ് എന്നിവരാണ് രംഗപടമൊരുക്കിയത്. കഴിഞ്ഞ പത്തു വർഷമായി ഫാ. സിജു പോളിന്റെ സംവിധാനത്തിൽ അരങ്ങേറിയ നാടകങ്ങൾക്കായിരുന്നു ഒന്നാം സ്ഥാനം.
ഇത്തവണ തന്റെ സംവിധാനത്തിൽ അവതരിപ്പിച്ച രണ്ടു നാടകങ്ങളും ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അച്ചനും വിദ്യാർഥികളും. ആതിഥേയ സ്കൂളായ
വിമല പബ്ലിക് സ്കൂളിനാണ് രണ്ടാം സ്ഥാനം. വാലി ഓഫ് സ്ക്രീനിംഗ് ബീസ് എന്ന നാടകമാണ് ഇവർ അവതരിപ്പിച്ചത്.