ഏഷ്യൻ പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ മറയൂരിന്റെ അഞ്ജലിയും
1600946
Sunday, October 19, 2025 6:30 AM IST
മറയൂർ: തുർക്കിയിലെ ഇസ്താംബുളിൽ നവംബർ രണ്ടു മുതൽ നടക്കുന്ന ഏഷ്യൻ ഓപ്പണ്‍ എക്യുപ്ഡ് ആൻഡ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ മറയൂർ കാന്തല്ലൂർ സ്വദേശിനി പി.ആർ. അഞ്ജലി (21) ഇന്ത്യയെ പ്രതിനിധീകരിക്കും. രാജ്യത്തിന്റെ നാലംഗ ടീമിലാണ് അഞ്ജലി ഇടം നേടിയിരിക്കുന്നത്.
സേലം എവിഎസ് കേളജിലെ എംബിഎ വിദ്യാർഥിനിയായ അഞ്ജലി പവർലിഫ്റ്റിംഗിലെ ദേശീയ താരമാണ്. അഞ്ച് തവണ ദേശീയ മെഡൽ നേടിയ അവർ ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ തുടർച്ചയായി രണ്ട് തവണ സ്വർണമെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. നാഷണൽ പവർലിഫ്റ്റർ എം. എച്ച്. ആൽഫിറോസിന്റെ ശിക്ഷണത്തിലാണ് അഞ്ജലി ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.
കാന്തല്ലൂർ ദിണ്ഡുകൊന്പ് പനിച്ചിപറന്പിൽവീട്ടിൽ മുൻ സൈനികൻ പ്രതീഷിന്റെയും രേഷ്മയുടെയും മകളാണ് അഞ്ജലി. മറയൂർ ജയ്മാതാ പബ്ലിക് സ്കൂളിലും കോതമംഗലം എംഎ കോളജിലും വിദ്യാർഥിയായിരുന്ന അഞ്ജലി കായികരംഗത്ത് സഹോദരിയുടെ പാത തുടരുകയാണ്. അഞ്ജലിയുടെ സഹോദരി ഐശ്വര്യ ട്രിപ്പിൾ ജന്പിൽ ദേശീയ ചാന്പ്യനും റെക്കോർഡ് ഉടമയുമാണ്.