കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണ യാത്ര നാളെ ഇടുക്കിയിൽ
1600945
Sunday, October 19, 2025 6:30 AM IST
ചെറുതോണി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര നാളെ ഇടുക്കി രൂപതയിൽ പര്യടനം നടത്തും. നീതി ഔദാര്യമല്ല. അവകാശമാണ് എന്ന മുദ്രാവാക്യവുമായി കാസർഗോഡ് പാണത്തൂരിൽ നിന്ന് 13ന് ആരംഭിച്ച അവകാശ സംരക്ഷണ യാത്ര 24 ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാർച്ചോടുകൂടി സമാപിക്കും.
ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക, വന്യജീവി ആക്രമണം തടയുന്നതിന് ശാശ്വതമായ പരിഹാരം കാണുക, ജനവിരുദ്ധ ഭൂ നിയമങ്ങൾ പിൻവലിക്കുക, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കുക, വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യാത്രയുടെ ഇടുക്കി രൂപതയിലെ പര്യടനം നാളെ അടിമാലിയിൽ നിന്ന് ആരംഭിക്കും.
ആദ്യ സ്വീകരണ സ്ഥലമായ ചേലച്ചുവട്ടിൽ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.11.30ന് -മുരിക്കാശ്ശേരിയിൽ വികാരി ജനറാൾമാരായ മോൺ. ജോസ് നരിതൂക്കിലും 2.30 ന് തങ്കമണിയിൽ മോൺ. ഏബ്രഹാം പുറയാറ്റും സ്വീകരണയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാലിന് കട്ടപ്പനയിൽ എത്തിച്ചേരുന്ന അവകാശ സംരക്ഷണ യാത്രക്ക് ഇടുക്കി കവലയിൽ സ്വീകരണം നൽകും. തുടർന്ന് നൂറുകണക്കിന് ആളുകളുടെ നേതൃത്വത്തിൽ കട്ടപ്പന മിനി സ്റ്റേഡിയത്തിലേക്ക് പ്രകടനം നടക്കും.
അവകാശ സംരക്ഷണ യാത്രയുടെ ഇടുക്കി രൂപതയിലെ സമാപന സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും.
ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ജോസഫ് ചാണ്ടി തേവർപറമ്പിൽ, ജോർജുകുട്ടി പുന്നക്കുഴിയിൽ, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, മനു ജെ. വാരാപള്ളി,ഫാ.ജോസ് മാറാട്ടിൽ, ഫാ.സെബാസ്റ്റ്യൻ വടക്കേൽ, ഫാ. തോമസ് പുത്തൻപുര, കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് സാം സണ്ണി, മിഷൻ ലീഗ് ഇടുക്കി രൂപത പ്രസിഡന്റ് സെസ്സിൽ ജോസ്, ടീച്ചേഴ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിൾ മാത്യു എന്നിവർ പ്രസംഗിക്കും.