ചക്കിക്കാവ്- മേച്ചാൽ റോഡ്: ഒരിക്കൽ പോയാൽ ഒരിക്കലും മറക്കില്ല!
1601092
Sunday, October 19, 2025 11:21 PM IST
കാഞ്ഞാർ: ഇലവീഴാപൂഞ്ചിറയ്ക്കു സമീപം ചക്കിക്കാവ്-മേച്ചാൽ റോഡ് തകർന്നു ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെ. അധികാരികൾ തിരിഞ്ഞുനോക്കാത്തതിൽ വ്യാപക പ്രതിഷേധം. മലയോര മേഖലയായ ചക്കിക്കാവ്, മേച്ചാൽ നിവാസികൾ ഉപയോഗിക്കുന്ന റോഡാണ് ഗതാഗതയോഗ്യമല്ലാതായിരിക്കുന്നത്. റോഡിന്റെ വശങ്ങളിലുള്ള ഓടകൾ നിറഞ്ഞു വെള്ളം റോഡിലൂടെ ഒഴുകുകയാണ്. ശക്തമായ മഴയിൽ മലഞ്ചെരുവിൽനിന്നു കുത്തൊഴുക്കാണ് ഉണ്ടാകുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽനിന്ന് ഇലവീഴാ പൂഞ്ചിറയ്ക്ക് എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാണിത്. റോഡ് തകരുന്നതിനു മുന്പു വിനോദസഞ്ചാരികളുടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പോയിരുന്നത്. വിനോദസഞ്ചാരികളുടെ വരവ് ഈ മേഖലയിലുള്ള വ്യാപാര സ്ഥാപനങ്ങൾക്കു വലിയ ആശ്വാസമായിരുന്നു.
ഇല്ലിക്കൽ കല്ലിൽ എത്തുന്നവരിൽ ഭൂരിഭാഗവും ഇലവീഴാപൂഞ്ചിറ ടൂറിസ്റ്റ് കേന്ദ്രം കൂടി സന്ദർശിച്ചാണ് മടങ്ങാറ്. എന്നാൽ, ഇപ്പോൾ സഞ്ചാരികൾ ഈ റോഡിനെ കൈയൊഴിഞ്ഞു. ഇതോടെ സ്ഥാപനങ്ങളിലെ കച്ചവടവും ഗണ്യമായി കുറഞ്ഞു.
റോഡിനെ കൈവിട്ട് സഞ്ചാരികൾ
ഇലവീഴാപൂഞ്ചിറയ്ക്കു കാഞ്ഞാറിൽനിന്നുള്ള റോഡും മേച്ചാലിൽനിന്നുള്ള റോഡും ഗതാഗത യോഗ്യമല്ലാതായതോടെ ചക്കിക്കാവ് വഴി ഇലവീഴാപൂഞ്ചിറയ്ക്ക് എത്തിയിരുന്ന വിനോദ സഞ്ചാരികൾ മറ്റു മാർഗങ്ങൾ തേടി. ഇതു മേഖലയെ ബാധിച്ചിട്ടുണ്ട്. കാഞ്ഞിരം കവലയിൽനിന്ന് ഇലവീഴാ പൂഞ്ചിറയ്ക്കുള്ള റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്തിയിരുന്നു. കാഞ്ഞാറിൽനിന്നും മേച്ചാൽ ഭാഗത്തുംനിന്നുമുള്ള റോഡാണ് തകർന്നു കിടക്കുന്നത്. ഈ റോഡ് കുടയത്തൂർ പഞ്ചായത്തിൽപ്പെട്ടതാണ്.
ഇല്ലിക്കൽകല്ലിൽനിന്നും ഇടുക്കി ഭാഗത്തുനിന്നുമുള്ള വിനോദ സഞ്ചാരികൾക്ക് ഇലവീഴാപൂഞ്ചിറയിൽ എത്തണമെങ്കിൽ മറ്റു വഴികളെ ആശ്രയിക്കമം. കാഞ്ഞാർ- ഇലവീഴാ പൂഞ്ചിറ റോഡിൽ കലുങ്കുകൾ നിർമിക്കാനുണ്ട്. ഈ വഴിയിൽ വാഹനങ്ങളുടെ അടിഭാഗം റോഡിൽ ഇടിക്കുന്നതായും പരാതിയുണ്ട്. ടൂറിസം മേഖലയ്ക്ക് ഉണർവു പകരേണ്ട റോഡിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.