വെള്ളമിറങ്ങിയപ്പോൾ നഷ്ടങ്ങളുടെ ഭീകരത
1601084
Sunday, October 19, 2025 10:08 PM IST
നെടുങ്കണ്ടം: കഴിഞ്ഞ ദിവസത്തെ മിന്നൽ പ്രളയം കൂടുതൽ നാശം വിതച്ചത് കൂട്ടാർ മേഖലയിൽ. പുഴയിലെ വെള്ളം ഇറങ്ങിയതോടെയാണ് നാശനഷ്ടങ്ങൾ കൂടുതൽ വ്യക്തമായത്. പ്രളയത്തിൽ കൂട്ടർ - അല്ലിയാർ പാലം പൂർണമായും തകർന്നു. കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകർന്നതോടെ ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഈ പാലത്തിനു സമീപം പാർക്ക് ചെയ്തിരുന്ന ട്രാവലർ മലവെള്ള പാച്ചിലിൽ ഒഴുകിപ്പോയിരുന്നു.
കൂട്ടാർ സ്വദേശി റെജിയുടെ വിനായക ട്രാവൽസാണ് ഒഴുക്കിൽപ്പെട്ടത്.
ഈ വാഹനം ഇന്നലെ നാട്ടുകാർ ചേർന്നു പുഴയിൽനിന്നു കരയ്ക്കെത്തിച്ചു. ട്രാക്ടറിൽ വടംകെട്ടി വലിച്ചു കരയ്ക്കു കയറ്റുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. ഇതുൾപ്പെടെ അഞ്ച് വാഹനങ്ങളാണ് ഒഴുക്കിൽപ്പെട്ടത്. മേഖലയിൽ മൂന്നു വീടുകൾ പൂർണമായും തകർന്നു.
അന്പതോളം വീടുകളിൽ വെള്ളം കയറി വീട്ടുപകരണങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.
വെള്ളം കയറിയതിനെത്തുടർന്ന് അയൽവീടുകളിൽ അഭയം തേടിയവർ തിരികെ വീട്ടിലെത്തി ചെളിയും വെള്ളവും നീക്കം ചെയ്തു. ഇന്നലെ മഴ മാറിനിന്നതും ആശ്വാസമായി.