എയര്‍ഹോണ്‍: ജില്ലയില്‍ 85 വാഹനങ്ങള്‍ക്കെതിരേ നടപടി
1601369
Monday, October 20, 2025 11:36 PM IST
തൊടുപുഴ: വാഹനങ്ങളിലെ എയര്‍ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 85 വാഹനങ്ങള്‍ക്കെതിരേ നടപടി.
വിവിധ മേഖലകളിലായാണ് അമിത ശബ്ദം മുഴക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പിടികൂടിയ വാഹനങ്ങളുടെ ഉടമകളില്‍നിന്ന് 1,78,000 രൂപ പിഴ ഈടാക്കി. വാഹനങ്ങളില്‍നിന്ന് എയര്‍ഹോണുകള്‍ അഴിച്ചെടുത്തു. മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന എയര്‍ഹോണുകള്‍ ഇന്ന് റോഡ് റോളര്‍ കയറ്റി നശിപ്പിക്കും.
സംസ്ഥാനത്താകെ നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായാണ് കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ജില്ലയിലും പരിശോധന ആരംഭിച്ചത്. 19 വരെയായിരുന്നു പരിശോധന. എയര്‍ഹോണുകള്‍ കൂടുതലായി ഘടിപ്പിക്കുന്ന ബസുകള്‍, ഗുഡ്സ് വാഹനങ്ങള്‍, ലോറികള്‍, അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ എന്നിവയാണ് കൂടുതലായി പരിശോധിച്ചത്. ആര്‍ടിഒ ഓഫീസുകളുടെയും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തുടനീളം പരിശോധന നടത്തിയത്. പിടികൂടുന്ന വാഹനങ്ങള്‍ക്ക് ആദ്യപടിയായി 2000 രൂപ വീതമാണ് പിഴയീടാക്കിയത്. വീണ്ടും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 10,000 രൂപ വീതം പിഴയീടാക്കാനാണ് നിര്‍ദേശം.