വനിതാ സംരംഭകരുടെ ബസ് മോട്ടോർ വാഹനവകുപ്പ് കന്നി ഓട്ടത്തിനു മുമ്പേ പിടികൂടി
1601360
Monday, October 20, 2025 11:36 PM IST
നെടുങ്കണ്ടം: വനിതാ സംരംഭകരുടെ ബസ് കന്നിയാത്രയ്ക്കു മുമ്പേ മോട്ടോർ വാഹനവകുപ്പ് പിടികൂടി. ഇന്നലെയാണ് എഴുകുംവയൽ സ്വദേശികളായ വനിതകളുടെ നെടുങ്കണ്ടം-തിരുവനന്തപുരം റൂട്ടിൽ "മിടുക്കി' എന്ന പേരിൽ ബസ് സർവീസ് തുടങ്ങാനിരുന്നത്. എന്നാൽ, ബസ് സർവീസ് നിയമാനുസൃതമല്ലെന്ന പേരിൽ ഞായറാഴ്ച വൈകുന്നേരത്തോടെ മോട്ടോർ വാഹനവകുപ്പ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉടുമ്പൻചോല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പിടികൂടിയ വാഹനം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (എഐടിപി) പ്രകാരം പൂർണമായും നിയമാനുസൃതമായി പ്രവർത്തിക്കുന്നതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും നിലവിലെ നിയമനടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും ഉടമകൾ പറഞ്ഞു. എഴുകുംവയൽ പ്ലാത്തറ ചാക്കോ തോമസിന്റെ ഉടമസ്ഥതയിലുള്ള മിടുക്കി ബസ് നോക്കിനടത്തുന്നത് മകൾ ജിലുവും മകൻ ജോമിന്റെ ഭാര്യ നീതുവും ചേർന്നാണ്. വനിതാ സംരംഭം എന്ന നിലയിൽ ഡ്രൈവർമാർ ഉൾപ്പെടെ വനിതകളെയാണ് ബസിന്റെ ജീവനക്കാരായി കണ്ടെത്തിയിരുന്നത്.
തലസ്ഥാന നഗരത്തെയും ടൂറിസം സാധ്യതകൾ ഏറെയുള്ള ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ ടുറിസം വികസനം കൂടി ലക്ഷ്യമിട്ടാണ് സർവീസ് ആരംഭിച്ചത്. സുരക്ഷിതത്വവും വിശ്വാസ്യതയുള്ളതുമായ യാത്രകൾ ഡൊമസ്റ്റിക് ആൻഡ് ഇന്റർനാഷണൽ ടൂർ പാക്കേജുകൾ, ടിക്കറ്റ് ബുക്കിംഗ്, വിസ പ്രൊസസിംഗ്, ട്രാവൽ ഇൻഷ്വറൻസ് തുടങ്ങിയവ ഉൾക്കൊള്ളിച്ച് സ്വയംതൊഴിൽ നേടുകയും കുറച്ചധികം ആളുകൾക്ക് ജോലി നൽകുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് സംരംഭം ആരംഭിച്ചത്.
ഇതിനായി ടൂറിസ്റ്റ് കണക്ടിവിറ്റിയായി ബസുകളും കാറുകളും വാഹനങ്ങളും വാങ്ങുന്നതിന്റെ ആദ്യ പടിയായാണ് ബസ് വാങ്ങിയതെന്നും ഉടമകൾ പറയുന്നു.
ബസിന്റേത്
ടൂറിസ്റ്റ് പെർമിറ്റ്:
മോട്ടോർ വാഹനവകുപ്പ്
ടൂറിസ്റ്റ് പെർമിറ്റ് സമ്പാദിച്ച ബസിന് സ്റ്റേജ് കാരിയേജ് പെർമിറ്റ് ബസുകൾക്ക് സമാനമായി ഓരോ പോയിന്റിൽനിന്നും തുക ഈടാക്കി ആളുകളെ കയറ്റിയിറക്കുന്നതിന് അനുമതി ഇല്ലാത്തതിനാലാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്.