അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയില് ഇരുത്തിയ സംഭവം: റിപ്പോര്ട്ട് കിട്ടിയാല് ഉടൻ നടപടി: മന്ത്രി ശിവന്കുട്ടി
1584026
Friday, August 15, 2025 4:40 AM IST
കാക്കനാട്: വൈകിയെത്തിയെന്ന കുറ്റത്തിന് അഞ്ചാം ക്ലാസുകാരനെ ഗ്രൗണ്ടില് രണ്ടുവട്ടം ഓടിക്കുകയും ഇരുട്ടു മുറിയില് ഒറ്റയ്ക്കിരുത്തുകയും ചെയ്തെന്ന രക്ഷിതാക്കളുടെ പരാതിയില് ഇടപെട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്കുട്ടി. കുട്ടിയുടെ ടിസി വാങ്ങേണ്ട കാര്യമില്ലെന്നും പരാതിയില് കഴമ്പുണ്ടെങ്കില് സ്കൂള് അധികൃതര്ക്കെതിരെ കര്ശന നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പു നല്കി.
തൃക്കാക്കര മോഡല് എന്ജിനിയറിംഗ് കോളജിനു സമീപമുള്ള കൊച്ചിന് പബ്ലിക് സ്കൂളിലാണ് അഞ്ചാം ക്ലാസ് വിദ്യാര്ഥിക്ക് അധികൃതരില് നിന്നും മാനസിക പീഡനം ഏല്ക്കേണ്ടി വന്നതായി പരാതി ഉയര്ന്നത്. സ്കൂള് ബസിന് അമിതനിരക്ക് ഈടാക്കുന്നതിനാല് കുട്ടിയെ മുത്തച്ഛനാണ് പതിവായി സ്കൂളില് എത്തിച്ചിരുന്നത്. ചില ദിവസങ്ങളില് അല്പം വൈകാറുമുണ്ടെന്ന് രക്ഷിതാക്കള് പറഞ്ഞു.
സ്കൂള് ബസിലെ യാത്ര ഒഴിവാക്കിയതിന്റെ പകയാണ് കുട്ടിയെ മാനസിക പീഡനത്തിനിരയാക്കിയതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. പരാതിയുമായി ചെന്ന കുട്ടിയുടെ പിതാവിനോട് സ്കൂള് അധികൃതര് മോശമായി സംസാരിക്കുകയും സ്കൂളില്നിന്ന് കുട്ടിയുടെ ടിസിയും വാങ്ങി പോകാന് നിര്ദേശിക്കുകയും ചെയ്തതായി കുട്ടിയുടെ പിതാവ് മന്ത്രിയെ ഫോണില് ധരിപ്പിക്കുകയായിരുന്നു.
തുടര്ന്നാണ് സ്കൂളിനെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്.വിശദമായ റിപ്പോര്ട്ടു സമര്പ്പിക്കാന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്ക്ക് മന്ത്രി നിര്ദേശവും നല്കി.
ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ
അതേസമയം ആരോപണം നിഷേധിച്ച് സ്കൂൾ അധികൃതർ രംഗത്തുവന്നു. വിദ്യാര്ഥിയുടെ രക്ഷിതാവിന്റെ പരാതിയില് കഴമ്പില്ലെന്നും പതിവായി വൈകിവരുന്ന കുട്ടികള്ക്ക് രാവിലെ എട്ടരയ്ക്ക് തുടങ്ങുന്ന യോഗാ ക്ലാസുകളിലും വാം അപ്പിലും പങ്കെടുക്കാന് കഴിയാത്തതിനാല് അവര്ക്ക് പിന്നീട് പരിശീലനം നല്കുന്നതിന്റെ ഭാഗമായാണ് ഈ കുട്ടിയെയും മൈതാനത്ത് ഓടിച്ചതെന്നും ഇരുട്ടു മുറിയിലല്,ല വെളിച്ചമുള്ള മുറിയിലാണ് വിദ്യാര്ഥിയെ ഇരുത്തിയതെന്നും സ്കൂള് മാനേജര് പറഞ്ഞു.
ക്ലാസ് ആരംഭിക്കുമ്പോഴാണ് മുറികളിലേക്കുള്ള വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതെന്നും മാനേജര് ഡോ.സക്കീര് ഹുസൈന് അറിയിച്ചു