സ്റ്റുഡന്റ്സ് ബിനാലെ: ക്യൂറേറ്റർമാരെ പ്രഖ്യാപിച്ചു
1600842
Sunday, October 19, 2025 4:43 AM IST
കൊച്ചി: വളർന്നുവരുന്ന യുവകലാകാരന്മാർക്ക് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാ-വിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്സ് ബിനാലെയ്ക്കായുള്ള സഹ-ക്യൂറേറ്റർമാരുടെ പേരുകൾ പ്രഖ്യാപിച്ചു. രാജ്യത്തെ ഏഴു മേഖലകളായി തിരിച്ചാണ് സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റര്‍മാരെ തെരഞ്ഞെടുത്തത്.
സർക്കാർ ധനസഹായമുള്ള ആർട്സ് കോളജുകളുമായി സഹകരിച്ച് വളർന്നുവരുന്ന കലാകാരന്മാരെ അവരുടെ പരിശീലനത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനും തങ്ങളുടെ സൃഷ്ടികൾ അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനുമുള്ള അവസരമാണ് ഈ പരിപാടിയിലൂടെ നല്‍കുന്നത്.
150ലധികം സ്ഥാപനങ്ങളിലെ വിദ്യാർഥികളുമായി ഇടപെട്ടാണ് ക്യൂറേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുക. അവർ വിദ്യാർഥികളുമായി ആശയവിനിമയം നടത്തി പ്രദർശനത്തിൽ പങ്കെടുക്കേണ്ടവരെ തെരഞ്ഞെടുക്കുകയും, ഇതിനായി പ്രോജക്ടുകൾ വികസിപ്പിക്കുന്നതിന് സഹകരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും.
ബിനാലെയുടെ ആറാം പതിപ്പ് ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെയാണ്. ഡിസംബര്‍ 13ന് സ്റ്റുഡന്റ്സ് ബിനാലെ പ്രദര്‍ശനം ആരംഭിക്കും.