കൂത്താട്ടുകുളം സർക്കാർ ആശുപത്രി താലൂക്ക് നിലവാരത്തിലേക്ക് ഉയർത്തണമെന്ന്
1600673
Saturday, October 18, 2025 4:13 AM IST
കൂത്താട്ടുകുളം: നിലവിൽ കുടുംബാരോഗ്യകേന്ദ്രമായി പ്രവർത്തിക്കുന്ന കൂത്താട്ടുകുളം സർക്കാർ ആശുപത്രി താലൂക്ക് നിലവാരമുള്ള ആശുപത്രിയായി ഉയർത്തണമെന്ന് നഗരസഭ കൗൺസിൽ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളുടെ സംഗമസ്ഥാനവും, എംസി റോഡിനോട് ചേർന്നു സ്ഥിതിചെയുന്നതുമായ കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ദിവസേന നൂറുകണക്കിന് രോഗികളാണ് ചികിത്സക്കായി എത്തുന്നത്.
നിലവിൽ സിഎച്ച്സി ആയി പ്രവർത്തിക്കുന്നതിനാൽ കൂടുതൽ ഡോക്ടർമാരെയും മറ്റു സ്റ്റാഫിനെയും നഗരസഭയുടെ പണം ഉപയോഗിച്ച് നിലനിർത്തിവരുന്നത് പ്രായോഗികമല്ല എന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചു. സർക്കാർ ആശുപത്രിയെ താലൂക് ആശുപത്രി നിലവാരത്തിലേക്കു പുന:ക്രമീകരിക്കേണ്ടത് ആവശ്യമാണ്.
പതിറ്റാണ്ടുകൾക്കുമുൻപ് ആരംഭിച്ച പോസ്റ്റ്മോർട്ടം സൗകര്യം ഇന്നു പ്രവർത്തിക്കുന്നില്ല. പുതിയ ബ്ലോക്ക് ഉൾപ്പടെ നിരവധി കെട്ടിടങ്ങൾ ഫലപ്രദമായി ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. യോഗത്തൽ നഗരസഭ ചെയർപേഴ്സൺ കലാ രാജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ പി.ജി. സുനിൽകുമാർ പ്രമേയം അവതരിപ്പിച്ചു.