കൈപ്പട്ടൂർ പള്ളിയിൽ ജപമാല തിരുനാൾ നാളെ മുതൽ
1600126
Thursday, October 16, 2025 4:34 AM IST
കാലടി: കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളിയിൽ ജപമാല രാജ്ഞിയുടെ തിരുനാൾ നാളെ മുതൽ 26 വരെ തീയതികളിൽ ആഘോഷിക്കും. വെള്ളിയാഴ്ച വൈകിട്ട് ആറിന് വികാരി ഫാ. മാത്യു മണവാളൻ കൊടിയേറ്റും. തുടർന്ന് ജപമാല രാജ്ഞിയുടെ തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കുകയും തൂക്ക് വിളക്കിൽ എണ്ണ പകരുകയും ചെയ്യും.
തുടർന്ന് ആഘോഷമായ ദിവ്യബലി, പ്രസംഗം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീവാദം എന്നിവയുണ്ടാകും. തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 6.15 ന് തിരുകർമ്മങ്ങൾ ആരംഭിക്കും. എട്ടാം ദിവസമായ വെള്ളിയാഴ്ച വൈകീട്ട് 5.30ന് കുട്ടികൾക്ക് വിദ്യാരംഭം (ആദ്യാക്ഷരം കുറിക്കൽ) ഉണ്ടായിരിക്കും.
ശനിയാഴ്ച വൈകിട്ട് ആറിന് തിരുകർമങ്ങൾ ആരംഭിക്കും. തേമാലി കരയായിരിക്കും അന്നത്തെ തിരുനാൾ പ്രസുദേന്തി. തിരുകർമങ്ങൾക്ക് ശേഷം നടക്കുന്ന പള്ളി ചുറ്റി പ്രദക്ഷിണത്തിന് കത്തിച്ച മെഴുക് തിരിയും, ജപമാലയുമേന്തി ആയിരങ്ങൾ പങ്കെടുക്കും. തിരുനാൾ ദിനത്തിൽ വൈകുന്നേരം ആറിന് ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോസഫ് ഇടശേരി, ഫാ.ഫ്രാൻസിസ് കുരിശിങ്കൽ എന്നിവർ മുഖ്യകാർമികരാകും. തുടർന്ന് കാലടി പോലീസ് സ്റ്റേഷൻ കവലയിലേക്ക് ജപമാല പ്രദക്ഷിണത്തിന് 101 പൊൻ കുരിശുകളും 500 മുത്ത് കുടകളും ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റ് സെറ്റുകൾ എന്നിവ അണിനിരക്കും.
70,00 മുഴം മുല്ലപ്പുവിൽ തീർത്ത രഥത്തിലായിരിക്കും മാതാവിന്റെ തിരുസ്വരൂപം എഴുന്നള്ളിക്കുക. രണ്ട് ദിവസവുംപുഷ്പവൃഷ്ടിയോടെയായിരിക്കും പള്ളിയിൽ പ്രവേശിക്കുക. മാതാവിന് പൂമാല ചാർത്തലാണ് പ്രധാന നേർച്ച. രോഗശാന്തിക്കായി തൂക്ക് വിളക്കിലെ എണ്ണ ഭക്തജനങ്ങൾ കൊണ്ട് പോകാറുണ്ട്.
ഈ വർഷവും തിരുനാളിനോടനുബന്ധിച്ച് വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. മാത്യു മണവാളൻ , കൈകാരൻമാരായ -എം.വി. ജോയി മരോട്ടി കുടി, ടി.വി. ജോസ് താനത്താൻ. ജനറൽ കൺവീനർ - സിബി ആന്റണി തോട്ടത്തിൽ, വൈസ് ചെയർമാൻ - പീറ്റർ ഇത്താപ്പിരി. പബ്ലിസിറ്റി കൺവീനർ - സെയിൻ തോമസ് കൈപ്രമ്പാടൻ എന്നിവർ പങ്കെടുത്തു.