സംസ്ഥാനത്ത് ക്ഷീര മേഖല പുരോഗതിയിൽ: മന്ത്രി ചിഞ്ചുറാണി
1599860
Wednesday, October 15, 2025 4:28 AM IST
പിറവം: സംസ്ഥാനത്ത് ക്ഷീരമേഖല പുരോഗതിയിലാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പിറവം നഗരസഭയിൽ മുളക്കുളം നോർത്ത് വെറ്ററിനറി ഡിസ്പെൻസറി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 95 ശതമാനവും സങ്കരയിനം പശുക്കളായതിനാലാണ് ഉല്പാദനക്ഷമതയിൽ ഈ വളർച്ച സാധ്യമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നും 27 ലക്ഷം രൂപ ചിലവഴിച്ചാണ് പിറവം നഗരസഭ മുളക്കുളം മേഖലയിൽ ഡിസ്പെൻസറി കെട്ടിടം നിർമിച്ചത്. ചടങ്ങിൽ ആഫ്രിക്കൻ പന്നിപ്പനി നഷ്ടപരിഹാര ധനസഹായത്തുകയായ 609500 രൂപയുടെ ചെക്ക് കൊടുങ്ങുക്കാരൻ പന്നി ഫാം ഉടമസ്ഥ ലിജി ആന്റുവിന് മന്ത്രി കൈമാറി. മികച്ച യുവ കർഷകനുള്ള അവാർഡ് കരസ്ഥമാക്കിയ മോനു വർഗീസ് മാമനെ ചടങ്ങിൽ ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജി കുമാർ പദ്ധതിയേക്കുറിച്ച് വിശദീകരിച്ചു.
അഡ്വ. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർപേഴ്സൺ കെ.പി. സലിം, നഗരസഭ ആോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈനി ഏലിയാസ്, നഗരസഭ മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിമൽ ചന്ദ്രൻ, നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷ വത്സല വർഗീസ്, വാർഡ് കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.