സ്മിതയ്ക്കു വള്ളം കിട്ടി; ദ്വീപ് ജീവിതം ഇനി കരയ്ക്കടുപ്പിക്കാം
1599844
Wednesday, October 15, 2025 3:58 AM IST
കൊച്ചി: സങ്കീർണമായ ജീവിതം കരയ്ക്കടുപ്പിക്കാനുള്ള സ്മിത എന്ന വീട്ടമ്മയുടെ പ്രയാണത്തിൽ ഇനി വള്ളവും ഒപ്പം. വളന്തകാട് ദ്വീപിലെ വീട്ടിൽ പ്രായമായ അമ്മയ്ക്കും വിദ്യാർഥിയായ മകനുമൊപ്പമുള്ള ജീവിതം പ്രതീക്ഷകളുടെ മറുകരകളിലേക്കെത്തിക്കാനുള്ള സ്മിതയുടെ ശ്രമങ്ങൾക്കാണ് സ്വന്തമായി കിട്ടിയ വള്ളം ആശ്വാസമാകുന്നത്.
വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) തിരുക്കൊച്ചി പ്രോവിൻസിന്റെ നേതൃത്വത്തിലാണു വള്ളം വാങ്ങി നൽകിയത്. ലേക്ഷോർ ആശുപത്രിക്ക് പിന്നിൽ വെള്ളത്താൽ ചുറ്റപ്പെട്ട വളന്തകാട് ദീപിൽ നിന്ന് ഏതാവശ്യത്തിനും മറുകരയിലേക്കെത്താൻ സ്മിതയ്ക്ക് എളുപ്പമല്ലായിരുന്നു. ഇതറിഞ്ഞാണ് ഡബ്ല്യുഎംസി പ്രവർത്തകർ ഇവർക്കു സ്വന്തമായി വള്ളം സജ്ജമാക്കിയത്.
സ്മിതയുടെ വീട്ടിൽ നടന്ന ചടങ്ങിൽ തിരുക്കൊച്ചി പ്രോവിൻസ് പ്രസിഡന്റ് ജോൺസൺ സി. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യുവും ചേർന്ന് വള്ളം സ്മിതയ്ക്ക് കൈമാറി. സ്മിതയുടെ കുടുംബത്തിനാവശ്യമായ ലൈഫ് ജാക്കറ്റുകൾ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠനും മകനാവശ്യമായ പഠനോപകരണങ്ങൾ വനിതാ ഫോറം ഗ്ലോബൽ ചെയർപേഴ്സൺ സലീന മോഹനും കൈമാറി.
ഡബ്ല്യുഎംസി ഭാരവാഹികളായ ജോസഫ് മാത്യു, ജോഷി പന്നാരാകുന്നേൽ, അരുൺ ജോർജ്, ജോബിൻസൺ, സുരേന്ദ്രൻ, എൻ.എൻ. സുനിൽ, സുരേഷ് കുമാർ, ബിനു അലക്സ്, ലാലി ജോഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.