കാടുകയറി മൂവാറ്റുപുഴ ഡ്രീം ലാൻഡ് പാർക്ക്
1599331
Monday, October 13, 2025 5:02 AM IST
മൂവാറ്റുപുഴ: അതിമനോഹരമായ മൂവാറ്റുപുഴ ഡ്രീം ലാൻഡ് പാർക്ക് കാടുകയറിയും കളി ഉപകരണങ്ങൾ തുരുമ്പെടുത്തും നശിക്കുന്നു. ദിവസേന കുട്ടികൾ അടക്കമുള്ള ധാരാളം ആളുകളാണ് പാർക്കിൽ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കാടുകയറിയത്തോടെ ഇഴജന്തുക്കളെ ഭയന്ന് ആളുകൾക്ക് കുട്ടികളുമൊത്ത് പാർക്കിൽ വരാൻ ഭയക്കുകയാണ്.
പാർക്കിലെ കളി ഉപകരണങ്ങൾക്ക് ആവശ്യമായ അറ്റകുറ്റ പണികൾ നടത്താതെ വന്നതോടെ തുരുമ്പെടുത്തു. ഉപകരണങ്ങളിൽ ചിലത് ഉപയോഗ്യതശൂന്യമായിട്ടുണ്ട്. മുവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള രണ്ട് പാർക്കുകളിൽ ഒന്നാണ് ഇത്തരത്തിൽ നശിക്കുന്നത്.
തിരക്കേറിയ നഗരത്തിൽ വിശ്രമത്തിനും വിനോദത്തിനുമായി നിരവധി ആളുകളാണ് ഈ പാർക്കിനെ ആശ്രയിച്ചിരുന്നത്. നഗരസഭയ്ക്ക് തനത് വരുമാനം ലഭിച്ചിരുന്ന ഈ പാർക്ക് നശിച്ചത് യുഡിഎഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണെന്ന് സിപിഎം മുവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം സജി ജോർജ് കുറ്റപ്പെടുത്തി.