മുറിക്കല്ല് ബൈപ്പാസ് നിർമാണം വൈകൽ : പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചു
1598804
Saturday, October 11, 2025 4:13 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ സ്വപ്ന പദ്ധതിയായ മുറിക്കല്ല് ബൈപ്പാസിന്റെ നിര്‍മാണം വൈകുന്നതിനെതിരേ നിയമസഭയില്‍ മാത്യു കുഴല്നാടന് എംഎല്‍എ സബ്മിഷന് ഉന്നയിച്ച് ആശങ്കകള്‍ അറിയിച്ചു. കരാര്‍ ഒപ്പുവയ്ക്കുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ വൈകുന്നതിനെതിരേയാണ് നിയമസഭയില്‍ എംഎല്‍എ സബ്മിഷന് ഉന്നയിച്ചത്. ടെന്‍ഡര്‍ നടപടികള്‍ നാല് മാസം മുമ്പ് പൂര്‍ത്തീകരിച്ചുവെങ്കിലും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാര്‍ കമ്പനി ഇതുവരെ നിര്‍മാണ പ്രവൃത്തി ആരംഭിക്കുവാന്‍ തയാറായിട്ടില്ല.
ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്ക് ശേഷമാണ് ടെന്‍ഡര്‍ നടപടികള്‍ വരെ പൂര്‍ത്തീകരിച്ചുള്ള പ്രവര്‍ത്തിയിലേക്ക് മുറിക്കല്ല് ബൈപ്പാസ് എത്തിച്ചതെന്നും തുടര്‍നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിച്ച് പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും എംഎല്‍എ പറഞ്ഞു. പദ്ധതിയുടെ പഴയ ഡിപിആറിലും രൂപരേഖയിലും സമ്പൂര്‍ണ മാറ്റം വരുത്തിയാണ് ടെന്‍ഡര്‍ ചെയ്തത്. മുമ്പുണ്ടായിരുന്ന വളവുകള്‍ നിവര്‍ത്തി.
നിലവിലെ പാലത്തിന് സമാന്തരമായി നാല് വരിയില്‍ പാലം നിര്‍മിക്കുന്നതിനും നീരൊഴുക്കുകള്‍ തടസപ്പെടാതിരിക്കാന്‍ ലാന്‍ഡ് സ്പാനുകളും കള്‍വേര്‍ട്ടുകളും ഉള്‍പ്പെടുത്തിയുമാണ് പുതിയ രൂപരേഖ തയാറാക്കിയത്. മുമ്പ് 59.98 കോടിയായിരുന്നു പദ്ധതി ചെലവ്. സമ്പൂര്‍ണമായ ഡിപിആര്‍ ഭേദഗതിയോടെ 117 കോടിയായി പദ്ധതി ചെലവ് ഉയര്‍ത്തിയാണ് ഇപ്പോള്‍ ടെന്‍ഡര്‍ ആയിരിക്കുന്നത്.