മനുഷ്യ-വന്യജീവി സംഘര്‍ഷം: ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു
1598329
Friday, October 10, 2025 2:37 AM IST
കൊച്ചി: മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ജില്ലാതല നിയന്ത്രണ സമിതി യോഗം ചേര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ പുരോഗതിയും വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നേരിടുന്ന പ്രശ്നങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു.
തൊഴിലുറപ്പ് പദ്ധതി വഴി വനാതിര്‍ത്തികളിലേയും ഫെന്സിംഗിനോടു ചേര്‍ന്ന ഭാഗങ്ങളിലേയും അടിക്കാട് വെട്ടാന്‍ നിലവില്‍ തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് യോഗം വിലയിരുത്തി. നിലവിലെ ചട്ടങ്ങളാണ് പ്രതിസന്ധി തീര്‍ക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ഓണ്‍ലൈനില്‍ സംസാരിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ജനകീയമായി അടിക്കാട് വെട്ടുന്നതും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ ഫോറസ്റ്റ് ഡിവിഷനലുകളിലായി ആയിരത്തി എണ്ണൂറോളം പരാതികളാണ് ലഭിച്ചത്. ഇതില്‍ ജില്ലാതലത്തില്‍ അവതരിപ്പിച്ച് പരിഹരിക്കേണ്ട വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാന തലത്തില്‍ ഇടപെടല്‍ നടത്തേണ്ട പരാതികളും നിയമത്തില്‍ മാറ്റം വരുത്തേണ്ട വിഷയങ്ങളും അടുത്തഘട്ടത്തില്‍ പരിഗണിക്കും.
കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ ആന്റണി ജോണ്‍, റോജി എം. ജോണ്‍ (ഓണ്‍ലൈനായി), ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ആര്. അടലരശന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.മനോജ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ജന പ്രതിനിധികള്‍ തുടങ്ങിവര്‍ യോഗത്തില്‍ പങ്കെടുത്തു.