മാർത്തോമാ ഭവനുനേരേ അതിക്രമം : ഡിസിസിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1598209
Thursday, October 9, 2025 4:43 AM IST
കൊച്ചി: നിയമവകുപ്പ് മന്ത്രി പോലീസിനെ ഉപയോഗിച്ച് നിയമവിരുദ്ധർക്ക് സംരക്ഷണമൊരുക്കുകയാണെന്നും മുനമ്പം വിഷയത്തിലെന്ന പോലെ ഇരു സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഹൈബി ഈഡൻ എംപി.
കളമശേരിയിലെ മാര്‍ത്തോമാ ഭവന്റെ ചുറ്റുമതില്‍ തകർക്കുകയും കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലെ ബുൾഡോസർ രാഷ്ട്രീയം കേരളത്തിൽ നടപ്പാക്കുന്നത് സിപിഎം പിന്തുണയോടെയാണ്. 200 മീറ്ററോളം മതിൽ പൊളിച്ച് ടിപ്പറിൽ കടത്തിയിട്ടും പോലീസ് നിഷ്ക്രിയരായി നിന്നു. ഇപ്പോഴും ക്രിമിനലുകൾക്ക് പോലീസ് സംരക്ഷണമൊരുക്കുകയാണെന്നും ഹൈബി കുറ്റപ്പെടുത്തി.
ഗുണ്ടകളെ ഉപയോഗിച്ചാണ് മാര്‍ത്തോമ ഭവനിൽ അതിക്രമം നടത്തിയതെന്നും പോലീസിന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും ഗുണ്ടകൾക്ക് സംരക്ഷണം നൽകുകയാണ് പോലീസ് ചെയ്യുന്നതെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷ പ്രസംഗത്തിൽ ആരോപിച്ചു. എച്ച് എം ടി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പോലീസ് സ്റ്റേഷന് സമീപം തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
നേതാക്കളായ ടി.എം. സക്കീർ ഹുസൈൻ, കെ.കെ. ഇബ്രാഹിംകുട്ടി, ബാബു പുത്തനങ്ങാടി, ബേസിൽ പോൾ, അബ്ദുൾ ലത്തീഫ്, സേവ്യർ തായങ്കേരി, എം.ജെ. ടോമി, സുജിത്ത് പോൾ, കെ.വി. പോൾ തുടങ്ങിയവർ പ്രസംഗിച്ചു.