തൃപ്പൂണിത്തുറയിൽ അപകടഭീഷണി ഉയർത്തി മെട്രോ സ്റ്റേഷൻ പരിസരത്തെ വാഹന പാർക്കിംഗ്
1598325
Friday, October 10, 2025 2:37 AM IST
തൃപ്പൂണിത്തുറ: മെട്രോ സ്റ്റേഷൻ പരിസരങ്ങളിലെ അനധികൃത പാർക്കിംഗ് അപകട ഭീഷണിയാകുന്നു. ഭാരവാഹനങ്ങളുൾപ്പെടെ ഏറ്റവും കൂടുതൽ വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന എസ്എൻ ജംഗ്ഷൻ വടക്കേക്കോട്ട റോഡിലാണ് ഇരുചക്ര വാഹനങ്ങളും കാറും ഉൾപ്പെടെയുള്ള വാഹനങ്ങളും റോഡരികിൽ പാർക്ക് ചെയ്യുന്നത്.
ഇടുങ്ങിയ റോഡിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഒഴിവാക്കി കടന്നു പോകാൻ വാഹന യാത്രക്കാർ കഷ്ടപ്പെടുകയാണ്. വടക്കേക്കോട്ട മെട്രോ സ്റ്റേഷൻ പരിസരത്ത് ഇരുചക്ര വാഹനങ്ങളാണ് അനിയന്ത്രിതമായി പാർക്ക് ചെയ്യുന്നത്. അതേസമയം എസ്എൻ ജംഗ്ഷൻ മിൽമ റോഡിന്റെ വശങ്ങളിൽ കാറുകളാണ് പാർക്ക് ചെയ്യുന്നതിലധികവും.
മെട്രോ സ്റ്റേഷന്റെ പരിസരങ്ങളിൽ സീബ്രാ ക്രോസിംഗുകളിലുമടക്കമുള്ള പാർക്കിംഗ് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നതിനാൽ ടെർമിനൽ സ്റ്റേഷൻ പരിസരത്ത് കാടുപിടിച്ച് കിടക്കുന്ന അക്വയർ ചെയ്ത സ്ഥലവും വടക്കേക്കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടും വാഹനങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് ട്രുറ ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.