ഓപ്പറേഷന് ബ്രേക്ക് ത്രൂ : കനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയക്രമം നിശ്ചയിക്കും
1598357
Friday, October 10, 2025 3:16 AM IST
കൊച്ചി: നഗരത്തിലെ കനാലുകളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തുന്നതിന് പ്രത്യേക സമയക്രമം നിശ്ചയിക്കും. ഓപ്പറേഷന് ബ്രേക്ക്ത്രൂവിന്റെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെ സന്നിധ്യത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഓരോ കനാലുകളുടെയും സ്വഭാവം പരിഗണിച്ച് ഏതു മാസങ്ങളിലാണ് ശുചീകരിക്കേണ്ടത് എന്ന സമയക്രമം നിശ്ചയിക്കാന്‍ കോര്പറേഷന് ഉദ്യോഗസ്ഥരെ യോഗത്തില്‍ ചുമതലപ്പെടുത്തി. സക്ഷന്‍ കം ജെറ്റിംഗ് മെഷീന്, സില്‍റ്റ് പുഷര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും മുന്‍കൂട്ടി സമയക്രമം തീരുമാനിക്കും.
നിലവില്‍ അടിയന്തരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ജലം പമ്പ് ചെയ്തു നീക്കാന്‍ ഉയര്‍ന്ന ശേഷിയുള്ള നാലു പുതിയ പമ്പുകള്‍ ഉള്‍പ്പെടെ ആറെണ്ണം സജ്ജമാക്കിയിട്ടുണ്ട്.
ഇവയുടെ ശാസ്ത്രീയമായ ഉപയോഗം സാധ്യമാക്കുന്നതിന് തയാറാക്കിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന് പ്രൊസീജിയറിന്റെ (എസ്ഒപി) കരട് യോഗത്തില്‍ അവതരിപ്പിച്ചു. അവയുടെ പ്രവര്‍ത്തനം എങ്ങനെ വേണമെന്നും നിശ്ചയിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നേരിട്ട് സ്ഥലം പരിശോധിക്കും. തുടര്‍ന്ന് എസ്ഒപിക്ക് അന്തിമ അംഗീകാരവും നല്‍കും.
മുല്ലശേരി കനാലില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് മുതല്‍ ചിറ്റൂര്‍ റോഡ് വരെയുള്ള പ്രവര്‍ത്തനം പൂര്‍ണമായിട്ടുണ്ട്. സ്വീവേജ് ലൈനുകളും കുടിവെള്ള പൈപ്പുകളും മാറ്റി, കാനയുടെ നിര്‍മാണവും റോഡ് പ്രവര്‍ത്തനവും പൂര്‍ത്തീകരിച്ചു. പി.ടി. ഉഷ റോഡിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എംജി റോഡിലെ ക്രോസിംഗാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
മഴക്കാലത്തിനു ശേഷം മാത്രം ആ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതി എന്നാണ് തീരുമാനം. എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ മഴക്കാലത്ത് മുല്ലശേരി കനാലിന്റെ നവീകരണ പ്രവര്‍ത്തനം മൂലം വെള്ളക്കെട്ട് നിവാരണ പ്രവര്‍ത്തനങ്ങളില്‍ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം ഭാഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറഫലം ചെയ്തെന്നും യോഗം വിലയിരുത്തി.
എംജി റോഡിലെ ഫാര്‍മസി ജംഗ്ഷന് മുതല്‍ ജോസ് ജംഗ്ഷന് വരെയുള്ള കാനയുടെ പുനര്‍നിര്‍മാണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഓപ്പറേഷന് ബ്രേക്ക് ത്രൂവിന്റെ ഭാഗമായുള്ള 10 കോടി രൂപ ഇതിനായി വിനിയോഗിക്കും. ഫണ്ട് ലഭിച്ചാല്‍ ഉടനെ ടെന്‍ഡര്‍ നടപടികളുമായി പൊതുമരാമത്ത് നിരത്ത് വിഭാഗം മുന്നോട്ട് പോകും.
കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ. മനോജ്, അമിക്കസ്ക്യൂറി അഡ്വ. ഗോവിന്ദ് പത്മനാഭന്, കോര്പറേഷന് സെക്രട്ടറി പി.എസ്. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.