ജില്ലാ സ്കൂള്‍ കായികമേളയ്ക്കൊരുങ്ങി മഹാരാജാസ്
1598211
Thursday, October 9, 2025 4:43 AM IST
കൊച്ചി: എറണാകുളം റവന്യൂ ജില്ലാ സ്കൂള്‍ കായിക മേളയ്ക്ക് 11ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടക്കം. 11, 12, 13 തീയതികളില്‍ മഹാരാജാസ് ഗ്രൗണ്ടില്‍ ട്രാക്ക് ഇനങ്ങളും 14, 15 തീയതികളില്‍ കോതമംഗലം എംഎ കോളജ് ഗ്രൗണ്ടില്‍ ത്രോ ഇനങ്ങളും നടക്കും.
11ന് രാവിലെ 10ന് എറണാകുളം മഹാരാജാസ് കോളജില്‍ ടി.ജെ. വിനോദ് എംഎല്‍എ മീറ്റ് ഉദ്ഘാടനം ചെയ്യും. കോര്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ എസ്.ശ്രീജിത്ത് അധ്യക്ഷനാകും. പി.വി. ശ്രീനിജിന്‍ എംഎല്‍എയാണ് മുഖ്യാതിഥി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന് പോള്‍ പതാക ഉയര്‍ത്തും.
15ന് വൈകിട്ട് നാലിന് കോതമംഗലം എംഎ കോളജില്‍ നടക്കുന്ന സമാപന സമ്മേളന ഉദ്ഘാടനവും സമ്മാന വിതരണവും ആന്റണി ജോണ്‍ എല്‍എല്‍എ നിര്‍വഹിക്കും. 14 ഉപജില്ലകളില്‍ നിന്നായി സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ 98 ഇനങ്ങളിലായി 2700ഓളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും.
എസ്ആര്‍വി സ്കൂളിലാണ് ഭക്ഷണത്തിനുള്ള സംവിധാനം. സബ്ജില്ലാ കായിക മേളകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഗ്രൗണ്ട് ഇല്ലാത്ത ഒരിടത്ത് മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. ഗെയിംസ് ഇനങ്ങളില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍ ഇനങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാകും.
പത്രസമ്മേളനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന് പോള്‍, ജില്ലാ സ്പോര്‍ട്സ് സെക്രട്ടറി എല്‍ദോ കുര്യാക്കോസ്, കോ-ഓര്‍ഡിനേറ്റര്‍ സി. സഞ്ജയ് കുമാര്‍, പബ്ലിസിറ്റി ആന്‍ഡ് മീഡിയ കണ്‍വീനര്‍ ജോമോന് ജോസ്, റിസപ്ഷന് കമ്മിറ്റി കണ്‍വീനര്‍ തോമസ് പീറ്റര്‍, കെഎസ്എസ്ടിഎഫ് ജില്ലാ പ്രസിഡന്റ ആന്റണി ജോസഫ് ഗോപുരത്തിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
കായികാധ്യാപകരുടെ നിസഹകരണ സമരം : ചടങ്ങ് തീര്‍ക്കലായി സ്കൂള്‍ മീറ്റുകള്‍
കൊച്ചി/അങ്കമാലി: ആവശ്യങ്ങള്‍ ന്യായമാണെങ്കിലും കായിക അധ്യാപകരുടെ നിസഹകരണ സമരത്തില്‍ അലങ്കോലമായത് കുട്ടികളുടെ കായിക ഭാവിക്ക് സഹായകമാകുന്ന സ്കൂള്‍ മീറ്റുകള്‍. 11 മുതല്‍ റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള ആരംഭിക്കാനിരിക്കെ 14 സബ്ജില്ലകളിലും സ്കൂള്‍ മീറ്റുകള്‍ നടത്തിയത് ചടങ്ങ് തീര്‍ക്കുംപോലെ. കായിക അധ്യാപകര്‍ മാറി നിന്നതോടെ മറ്റ് അധ്യാപകരെ നിയോഗിച്ചാണ് മത്സരങ്ങള്‍ നിയന്ത്രിക്കേണ്ട വന്നത്.
കായിക അധ്യാപരുടെ ഒഴിവ് നികത്തുക, ഹൈസ്കൂള്‍ വിഭാഗത്തില്‍ ജോലിയെടുക്കുന്ന കായിക അധ്യാപകര്‍ക്ക് ഇതേ ഗ്രേഡിലുള്ള അധ്യാപകര്‍ക്ക് നല്കുന്ന വേതനം ലഭ്യമാക്കുക, കായികാധ്യാപക നിയമത്തിലെ അപ്രായോഗിക മാനദണ്ഡങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കായികാധ്യാപകര്‍ നിസഹകരണ സമരം ആരംഭിച്ചത്.
കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് ചില അധ്യാപകര്‍ കായിക മേളകളുമായി സഹകരിച്ചപ്പോള്‍ മറ്റ് ചിലര്‍ പൂര്‍ണമായും മാറി നില്ക്കുന്ന സാഹചര്യമാണ്. ഇതുമൂലം ചിലയിടങ്ങളില്‍ സബ് ജില്ലകള്‍ ഒന്നിച്ച് മീറ്റ് നടത്തേണ്ട അവസ്ഥയുമുണ്ടായി.
ഇന്നലെ അങ്കമാലി സബ്ജില്ലയിലും കായിക അധ്യാപകരുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അങ്കമാലി ഡി പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അങ്കണത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ കായിക അധ്യാപകര്‍ ബാനറും മുദ്രാവാക്യങ്ങളുമായി അണിനിരന്നു.
ജില്ലയില്‍ ഇരുന്നൂറിലേറെ സ്കൂളില്‍ കായിക അധ്യാപകരില്ലെന്നാണ് കണക്ക്. എയ്ഡഡ് മേഖലയില്‍ എച്ച്എസ് വിഭാഗത്തില്‍ 135 പേരുടേയും പ്രൈമറി വിഭാഗത്തില്‍ 11 പേരുടെയും തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ പ്രൈമറി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 176 കായികാധ്യാപകരുടെ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്.
അധ്യാപകരുള്ള സ്കൂളുകളിലാകട്ടെ പ്രൈമറി, ഹൈസ്കൂള്‍ വഭാഗങ്ങളില്‍ ഒരു അധ്യാപകന് മാത്രമേയുള്ളു. ഇവര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും സേവനം നല്‍കണം. പ്രതിഫലമായി മാസം 500 രൂപ മാത്രമാണ് എച്ച്എസ്എസ് വിഭാഗത്തില്‍ അധിക ജോലിയെടുക്കുമ്പോള്‍ കിട്ടുക. അവഗണനകള്‍ക്കിടയിലും കുട്ടികളുടെ ഭാവിയോര്‍ത്താണ് കായിക മേളയുമായി സഹകരിക്കാന്‍ തയാറാകുന്നതെന്ന് കായികാധ്യാപക പ്രതിനിധികള്‍ പറഞ്ഞു.
സമരം ജില്ലാ കായിക മേളയേയും ബാധിച്ചേക്കുമെന്ന് ആശങ്ക
കൊച്ചി: കായികാധ്യാപകരുടെ സമരം ഈ നിലയില്‍ തുടര്‍ന്നാല്‍ 11ന് ആരംഭിക്കുന്ന റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയെ അത് ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്. സബ് ജില്ലകളിലേതു പോലെ ജില്ലാ മീറ്റ് ചടങ്ങ് തീര്‍ക്കുന്നതുപോലെ നടത്താന്‍ കഴിയില്ല. ഇവിടെ മികവ് പുലര്‍ത്തുന്നവരാണ് സംസ്ഥാന മീറ്റിലേക്ക് പങ്കെടുക്കാന്‍ യോഗ്യത നേടുന്നത്.
കായികാധ്യാപകര്‍ മാറി നില്ക്കുന്നതിനാല് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ജില്ലാ അത്ലറ്റിക് അസോസിയേഷനില്‍ നിന്ന് 35 ഒഫീഷ്യല്‍സിനെ നിയോഗിച്ചുണ്ട് ഓരോ ഇനങ്ങളും നിയന്ത്രിക്കുന്നത് ഇവരാകും. ഇവരെ സഹായിക്കാന്‍ സമരത്തില്‍ നിന്ന് മാറി നില്ക്കുന്ന 20 കായികാധ്യാപകരുമുണ്ട്. നിലവില്‍ ജില്ലയില്‍ 140 കായിക അധ്യാപരുണ്ട്.
വേദികളില്‍ അധ്യാപകരുടെ പ്രതിഷേധം ഉണ്ടായേക്കാമെങ്കിലും മത്സരങ്ങള്‍ തടസപ്പെടുത്തുന്ന നില ഉണ്ടായേക്കില്ലെന്നാണ് കായികാധ്യാപകരുടെ പ്രതിനിധികള്‍ പറഞ്ഞത്.