ആലുവ മുനിസിപ്പൽ മൈതാനം നവീകരിക്കുന്നു; ഉദ്ഘാടനം 13ന്
1598797
Saturday, October 11, 2025 4:13 AM IST
ആലുവ: മുനിസിപ്പൽ മൈതാനത്ത് കൃത്രിമ പുല്ല് വച്ചുപിടിപ്പിച്ച് ആധുനികവൽക്കരിക്കുകയെന്ന ആലുവയിലെ കായിക പ്രേമികളുടെ ദീർഘകാല സ്വപ്നം യാഥാർഥ്യമാകുന്നു. ടർഫിന്റെ നിർമാണോദ്ഘാടനം 13 ന് ഉച്ച കഴിഞ്ഞ് മൂന്നിന് ജെബി മേത്തർ എംപി നിർവഹിക്കും. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അധ്യക്ഷത വഹിക്കും.
ജെബി മേത്തർ എംപിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ചാണ് മൈതാനത്തിന്റെ രണ്ടാംഘട്ട നവീകരണമായ ടർഫ് നിർമിക്കുന്നത്. ആദ്യ ഘട്ട നവീകരണ പദ്ധതിയിൽ മൈതാനത്തിന് ചുറ്റും 30 അടി ഉയരത്തിൽ സ്റ്റീൽ ഫെൻസിംഗ്, പ്രവേശനകവാടം, ഇലക്ട്രിഫിക്കേഷൻ, ടോയ്റ്റ് ബ്ലോക്ക് എന്നിവയാണ് പൂർത്തിയായത്. ബെന്നി ബെഹനാൻ എംപിയുടെ ഫണ്ടിൽ നിന്നും 55 ലക്ഷം രൂപയാണ് ചെലവിട്ടത്.
രണ്ടാം ഘട്ട നവീകരണ പദ്ധതിയായ ആർട്ടിഫിഷ്യൽ ടർഫിംഗ് തർക്കം കാരണമാണ് ഒന്നര വർഷത്തോളം വൈകിയത്. ടർഫിൽ ദീർഘനേരം കളിച്ചാൽ മുട്ടുവേദനയുണ്ടാക്കുമെന്നാണ് പദ്ധതിയെ എതിർക്കുന്ന ഒരു കൂട്ടം കായികതാരങ്ങൾ പറയുന്നത്. മൈതാനം പ്രഭാത, സായാഹ്ന്ന സവാരികൾക്കോ പരിശീലനങ്ങൾക്കോ ഫുട്ബോൾ ഒഴികെയുള്ള കായിക വിനോദങ്ങൾക്കോ അനുവദിക്കില്ലെന്നുമാണ് കായികപരിശീലകരുടെ ആശങ്ക.
ആലുവ മുനിസിപ്പൽ സ്റ്റേഡിയം ടർഫ് ആക്കി മാറ്റാനുള്ള നഗരസഭ തീരുമാനത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുണ്ട്. ഇതിനെതിരെ കോടതിയിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. പലവട്ടം പ്രാരംഭ പ്രവർത്തനങ്ങൾ ഒരു കൂട്ടം കായികപ്രേമികൾ തടഞ്ഞിരുന്നു. എന്നാൽ ടർഫിന് പുറത്ത് സവാരിയാകാമെന്നും ഫീസ് ഉണ്ടാകില്ലെന്നും നഗരസഭ അധികൃതർ പറയുന്നു. കായിക വിനോദത്തിനും വ്യായാമത്തിനും പരിശീലനത്തിനും മത്സരങ്ങൾക്കും മുനിസിപ്പൽ സ്റ്റേഡിയത്തെ ആശ്രയിക്കാമെന്നും നഗരസഭ പറഞ്ഞു.
പുതുതായി നിര്‍മിച്ച ഉമ്മന്‍ചാണ്ടി ഓപ്പണ്‍ എയര്‍ സ്റ്റേജിന്റെ വാടകയിനത്തില്‍ ലഭിക്കുന്ന 5,000 രൂപ ടര്‍ഫ് അറ്റകുറ്റപ്പണിക്കായി വിനിയോഗിക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. അതിനാലാണ് ഫീസ് ഒഴിവാക്കുന്നത്. എംപി ഫണ്ടിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ വാടക പിരിക്കാനാകില്ലെന്ന ചട്ടം ഉണ്ടെന്ന് ടർഫിനെ എതിർക്കുന്നവർ പറയുന്നു.