തോക്ക് ചൂണ്ടി കവർച്ച; ഏഴു പേർ റിമാൻഡിൽ
1598780
Saturday, October 11, 2025 3:59 AM IST
മരട്: കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്ക് ചൂണ്ടി 81 ലക്ഷം തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ ഏഴു പേരെ റിമാൻഡ് ചെയ്തു. സംഭവദിവസം പിടിയിലായ വടുതല സ്വദേശി സജി, തുടർന്നുള്ള ദിവസം പിടിയിലായവരും കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരുമായ തൃശൂർ നാട്ടിക സ്വദേശി വിഷ്ണു,
കൊച്ചി എസ്ആർഎം റോഡ് കണ്ണിടത്ത് വീട്ടിൽ അഡ്വ. നിഖിൽ നരേന്ദ്രനാഥ് (43), ചേരാനല്ലൂർ താമരശേരി വീട്ടിൽ ആസിഫ് ഇക്ബാൽ (43), പള്ളുരുത്തി കണ്ണോത്ത് പീടികയിൽ ബുഷറ (47) എന്നിവരും തൃശൂർ നാട്ടിക പുതുവീട്ടിൽ നിഹാസ് (26), നാട്ടിക പുളിക്കൽ വീട്ടിൽ അർജുൻ (32) എന്നിവരുമാണ് റിമാൻഡിലായത്. ഇവർ രണ്ടുപേർ കൃത്യത്തിലുൾപ്പെട്ടവരെ രക്ഷപ്പെടാൻ സഹായിച്ച കുറ്റത്തിനാണ് പിടിയിലായത്.
അഭിഭാഷകനായ നിഖിലാണ് സംഭവത്തിലെ പ്രധാന സൂത്രധാരനെന്നാണ് വിവരം. കവർച്ചയ്ക്കായി പ്രതികൾക്ക് വാഹനമെത്തിച്ച് കൊടുത്തതും ഇയാളാണെന്നു പറയുന്നു. കവർച്ച നടന്ന പണത്തിൽ 20 ലക്ഷം കണ്ടെത്തിയിട്ടുണ്ട്. തോക്കും കണ്ടെടുത്തു. മുഖംമൂടി ധരിച്ച് കവർച്ച നടത്തിയെന്ന് പറയുന്ന നാലു പേരെയാണ് ഇനി പിടികൂടാനുള്ളത്.
കുണ്ടന്നൂരിലെ നാഷണൽ സ്റ്റീൽ കമ്പനിയിൽ ബുധനാഴ്ച വൈകുന്നേരം മൂന്നോടെയായിരുന്നു നാലംഗ സംഘം തോക്കു ചൂണ്ടി 81 ലക്ഷവുമായി കടന്നത്. സംഭവത്തിൽ സ്ഥാപനമുടമ തോപ്പുംപടി പുളിയനത്ത് വീട്ടിൽ സുബിൻ ജോസഫ് പോലീസിൽ നൽകിയ പരാതിയെ തുടർന്ന്, സംഭവം ട്രേഡ് പ്രോഫിറ്റ് ഫണ്ടെന്ന പേരിൽ തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നോട്ടിരട്ടിപ്പാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
81 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി തിരിച്ചു കിട്ടുമെന്നായിരുന്നു ഇടപാടിലുണ്ടായിരുന്നത്. സ്ഥാപനത്തിൽ വച്ച് പണം എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് നാലംഗസംഘം മുഖംമൂടി ധരിച്ചെത്തി തോക്ക്ചൂണ്ടി ആക്രമിച്ച് പണവുമായി കടന്നുകളഞ്ഞത്.