സീപോർട്ട് -എയർപോർട്ട് റോഡ്; രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കൽ വൈകും
1598790
Saturday, October 11, 2025 4:06 AM IST
ആലുവ: സീപോർട്ട് - എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ ഒരു മാസം കൂടി നീട്ടി. അഞ്ഞൂറോളം പേരുടെ നഷ്ടപരിഹാര തുക വിതരണം നവംബറിലേ പൂർത്തിയാകൂവെന്ന് ലാൻഡ് അക്വസിഷൻ വിഭാഗം അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ ഇറക്കിയ 2020 മുതൽ 12 ശതമാനം പലിശയും നഷ്ടപരിഹാരത്തിനൊപ്പം ഭൂവുടമകൾക്ക് ലഭിക്കും.
നേരത്തെ ലഭ്യമായ കണക്കുകൾ പ്രകാരം നഷ്ടപരിഹാരം ലഭിക്കേണ്ട ഭൂവുടമകൾ 469 ആയിരുന്നു. പുതിയ കണക്കുകൾ അനുസരിച്ച് 500ൽ കൂടുതൽ ഭൂവുടമകളുണ്ട്. ഇതിനകം 240 പേർക്കാണ് നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ ഹിയറിംഗ് ഈമാസം 28 മുതൽ നവംബർ അഞ്ച് വരെയുള്ള തീയതികളിൽ നടക്കും. പരാതികളില്ലെങ്കിൽ ഒരു മാസത്തിനകം നഷ്ടപരിഹാര തുക കൈമാറും.
ഒക്ടോബറിൽ നഷ്ടപരിഹാര വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും നടപടിക്രമങ്ങൾക്ക് കാലതാമസം വരുന്നതാണ് നഷ്ടപരിഹാരം നൽകാൻ വൈകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിൽ 52 പേരുടെ രൂപരേഖയിലുണ്ടായ പിഴവ് പിന്നെയും വൈകിച്ചു. പിന്നീട് ശരിയായ രൂപരേഖ തയാറാക്കിയെങ്കിലും ഇനിയും 20പേരുടെ നടപടികൾ മുഴുവനായിട്ടില്ല.
എടത്തല പഞ്ചായത്തിലെ എൻഎഡി മുതൽ കീഴ്മാട് പഞ്ചായത്തിലെ മഹിളാലയം വരെയുള്ള ഭാഗത്തെ ഭൂമി വർഷങ്ങൾക്ക് മുമ്പ് രണ്ടാം റീച്ച് എന്ന പേരിൽ റോഡിനായി സർക്കാർ ഏറ്റെടുത്തതാണ്. ഉടമകൾക്ക് ഭൂമി കൈമാറാനോ വിൽക്കാനോ സാധിക്കാതെ വന്നു. 2024 ഡിസംബർ ഏഴിനാണ് സ്ഥലം നൽകുന്നതിന് നഷ്ടപരിഹാരമായി 569 കോടി രൂപ അനുവദിച്ചത്.
നാല് മാസത്തിനകം തുക പൂർണമായി വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എച്ച്എംടി, എൻഎഡി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം വർഷങ്ങൾ എടുത്ത് പരിഹരിച്ചപ്പോഴേയ്ക്കും ലാൻഡ് അക്വസിഷൻ തഹസിൽദാർ സ്ഥലം മാറിയത് പദ്ധതി പിന്നെയും വൈകിപ്പിച്ചു.