നാളെ 1,89,307 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും
1598778
Saturday, October 11, 2025 3:59 AM IST
കൊച്ചി: ജില്ലയില്‍ അഞ്ചു വയസിനു താഴെയുള്ള 1,89,307 കുട്ടികള്‍ക്ക് നാളെ പോളിയോ തുള്ളി മരുന്ന് നല്‍കും. ഇതിനായി 1947 ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, അങ്കണവാടികള്‍, ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 1940 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബോട്ട് ജെട്ടികള്‍, മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലായി 40 കേന്ദ്രങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ക്രമീകരിക്കും.
ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നതിനായി 64 മൊബൈല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. പള്‍സ് പോളിയോ ദിനത്തില്‍ അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള ബൂത്തിലെത്തിച്ച് പോളിയോ തുള്ളി മരുന്ന് നല്‍കണം. ഏതെങ്കിലും കാരണവശാല്‍ നാളെ തുള്ളി മരുന്ന് നല്കാന് സാധിക്കാത്തവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അടുത്ത രണ്ടു ദിവസങ്ങളില്‍ വീടുകളിലെത്തി വാക്സിന് നല്‍കും.
ബൂത്തുകളില്‍ സേവനമനുഷ്ഠിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിശീലനം നല്കി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.