സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവം : തേവയ്ക്കൽ വിദ്യോദയ മുന്നിൽ
1598358
Friday, October 10, 2025 3:16 AM IST
കൊച്ചി: തേവര സേക്രഡ് ഹാർട്ട് സി എം ഐ പബ്ലിക് സ്കൂളിൽ നടക്കുന്ന സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ ആദ്യദിനത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂളിന്റെ മുന്നേറ്റം. 74 മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ 406 പോയിന്റോടെയാണ് വിദ്യോദയ ലീഡ് നിലയിൽ ഒന്നാമതുള്ളത്.
ശ്രീ ശാരദ വിദ്യാലയ കാലടി (387), നൈപുണ്യ പബ്ലിക് സ്കൂൾ തൃക്കാക്കര (373), വിശ്വജ്യോതി പബ്ലിക് സ്കൂൾ അങ്കമാലി (372), സെന്റ് മേരീസ് പബ്ലിക് സ്കൂൾ താമരച്ചാൽ (362) എന്നിവർ തൊട്ടു പിന്നിലുണ്ട്.
മത്സരങ്ങളുടെ ഉദ്ഘാടനം മേയർ അഡ്വ. എം. അനിൽ കുമാർ നിർവഹിച്ചു. ഫോർട്ട് കൊച്ചി സബ് കളക്ടർ ഗ്രന്ധേ സായികൃഷ്ണ മുഖ്യാതിഥിയായി. എസ് എച്ച് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജറും, തേവര സേക്രഡ് ഹാർട്ട് സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പലുമായ റവ. ഡോ. വർഗീസ് കാച്ചപ്പിള്ളി, കേരള സഹോദയ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ, കൊച്ചി മെട്രോ സഹോദയ ജനറൽ സെക്രട്ടറി ജുബി പോൾ എന്നിവർ പ്രസംഗിച്ചു.
65 സ്കൂളുകളിൽ നിന്നായി 4,400-ലധികം വിദ്യാർഥികളാണ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കലോത്സവം നാളെ സമാപിക്കും.