ഞാറക്കലിൽ മാർക്കറ്റ് നവീകരണത്തിനിടെ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങി; കോൺഗ്രസുകാർ ജോലി തടഞ്ഞു
1598796
Saturday, October 11, 2025 4:13 AM IST
വൈപ്പിൻ : ഞാറക്കൽ പഞ്ചായത്ത് മാർക്കറ്റ് നവീകരണ ജോലികൾക്കിടെ കുടിവെള്ള പൈപ്പുകൾ തകർന്ന് പരിസരപ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ മാർക്കറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞു.
കുടിവെള്ളം മുടങ്ങിയതോടെ നാട്ടുകാർ രാവിലെ മുതൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടർന്നാണ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.പി. ലാലുവിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞത്. ഡിസിസി വൈസ് പ്രസിഡന്റ് ടിറ്റോ ആന്റണിയും സ്ഥലത്തെത്തിയിരുന്നു.
തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജി എം. രാജുമായി നടത്തിയ ചർച്ചയിൽ കുടിവെള്ള പൈപ്പിന്റെ പണികൾ അടിയന്തരമായി പഞ്ചായത്തിന്റെ ചെലവിൽ തീർത്തു തരാമെന്നുള്ള ഉറപ്പിന്മേൽ കോൺഗ്രസ് സമരം അവസാനിപ്പിച്ചു.