പ്രോഗ്രസ് റിപ്പോർട്ട് ധൂർത്തെന്നു പ്രതിപക്ഷം; യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി
1598795
Saturday, October 11, 2025 4:06 AM IST
വൈപ്പിൻ : വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ വികസനനേട്ടങ്ങൾ എന്ന് പറഞ്ഞ് ഇറക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് ഭരണസമിതി യോഗം ബഹിഷ്കരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.
മുൻകൂട്ടി കമ്മിറ്റികളിൽ ഒന്നും ആലോചിക്കാതെ ഇന്നലെ അടിയന്തിര കമ്മിറ്റി വിളിച്ച് പ്രോഗ്രസ് റിപ്പോർട്ട് അവതരപ്പിച്ച സമയത്ത് ഇത് വിശദമായി ചർച്ച ചെയ്യണമെന്നും റിപ്പോർട്ടിന്റെ കരട് യോഗത്തിൽ വക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപക്ഷം ഇതിന് തയാറാകാതെ വന്നതോടെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയി സമരം നടത്തിയത്.
ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഭരണപക്ഷം തയാറാക്കി പ്രസിദ്ധീകരിക്കുന്ന 52 പേജോളം വരുന്ന റിപ്പോർട്ട് പൊതു ഖജനാവിലെ പണം ധൂർത്തടിക്കാൻ വേണ്ടി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് ആരോപിച്ചു.
ലക്ഷങ്ങൾ മുടക്കി പുറത്തിറക്കുന്ന പ്രോഗ്രസ് റിപ്പോർട്ടിൽനിന്നും തങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കണമെന്നും കോൺഗ്രസ് അംഗങ്ങളായ അഗസ്റ്റിൻ മണ്ടോത്ത്, പി.എൻ. തങ്കരാജ്, ഷിൽഡ റിബേരോ, ട്രീസ ക്ലീറ്റസ് എന്നിവർ സെക്രട്ടറിക്ക് കത്ത് നൽകി.