പെരുന്പാവൂരിൽ റോഡപകടങ്ങള്‍ വര്‍ധിക്കുന്നു
1598789
Saturday, October 11, 2025 4:06 AM IST
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി വിവരാവകാശ രേഖ. 2020 മുതല്‍ 2025 ജൂലൈ വരെ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 1,660 റോഡപകടങ്ങള്‍ സംഭവിച്ചതായും അപകടങ്ങളില്‍ 113 പേര് മരണപ്പെട്ടതായും മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴിക്ക് സ്റ്റേഷന് അധികൃതര്‍ നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു.
പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും ഒക്കല്‍, വെങ്ങോല, വാഴക്കുളം ഗ്രാമപഞ്ചായത്തുകളും രായമംഗലം പഞ്ചായത്തിലെ വട്ടയ്ക്കാട്ടുപടി ഭാഗവുമാണ് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉള്‍പ്പെടുന്നത്.
2020, 21, 22 വര്‍ഷങ്ങളില്‍ 231, 238, 281 എന്നീപ്രകാരമായിരുന്ന അപകടങ്ങള്‍. 2023, 2024 വര്‍ഷങ്ങളില്‍ 339, 340 അപകടങ്ങളുണ്ടായി. 2025ല്‍ ജൂലൈ വരെ 231 അപകടങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വിവരാവകാശ രേഖയില്‍ വ്യക്തമാക്കി.