കൊക്കൂൺ 2025: കൃഷിയിടങ്ങളിലും താരമായി ഡ്രോൺ
1598784
Saturday, October 11, 2025 3:59 AM IST
കൊച്ചി: പത്ത് മിനിറ്റിൽ ഒരേക്കർ കൃഷിയിടത്തിൽ മരുന്ന് തളിക്കാൻ കഴിയുന്ന ഡ്രോൺ കൊക്കൂൺ സൈബർ സുരക്ഷാ സമ്മേളനത്തിലെ പ്രദർശന വേദിയിൽ താരമായി മാറിയിരിക്കുകയാണ്. ഷീബ എല്‍ദോസ് (കൂവപ്പടി), അച്ചാമ്മ ഏലിയാസ് (മഴുവന്നൂർ), കെ.എ. മിനി (ചെങ്ങമനാട്), ബിന്ദു സാബു (കരുമാല്ലൂർ), ദില്‍ഷത്ത് മുണ്ടശേരി (മലപ്പുറം) എന്നിവരാണ് സമ്മേളനത്തിൽ ഡ്രോൺ അവതരിപ്പിച്ചത്.
ഈ ഡ്രോണുകൾക്ക് 10 ലിറ്റര്‍ മരുന്ന് തളിക്കാനുള്ള ശേഷിയുണ്ട്. കൂടുതല്‍ ഏക്കര്‍ സ്ഥലത്താണെങ്കിൽ ജിപിഎസ് സംവിധാനമുപയോഗിച്ച് അതിര്‍ത്തികള്‍ രേഖപ്പെടുത്താം. കൃത്യമായ അതിര്‍ത്തി നോക്കി ഡ്രോണ്‍ തന്നെ മരുന്ന് തളിക്കും. ഒരു തവണ തളിച്ച് നിർത്തിയ സ്ഥലത്ത് നിന്ന് തന്നെ വീണ്ടും ആരംഭിക്കാമെന്നതും ഇവയുടെ സവിശേഷതയാണ്.
കുടുംബശ്രീ അംഗങ്ങളായ ഇവർ ക്ക് കേന്ദ്രസര്‍ക്കാർ പദ്ധതി പ്രകാരമുള്ള ഈ ഡ്രോൺ കുടുംബശ്രീ മിഷൻ വഴിയാണ് ലഭിച്ചത്. 10 ലക്ഷം രൂപയാണ് ഒരു ഡ്രോണിന്റെ വില. ചെന്നൈ ഗരുഡ എയ്റോ സ്പേസിലാണ് ഡ്രോൺ പറത്താനുള്ള പരിശീലനം ഇവർക്ക് ലഭിച്ചത്. കുടുംബശ്രീ മിഷനും നാലു ദിവസത്തെ പരിശീലനം ഒരുക്കിയിരുന്നു.
ചൂരല്‍മല ദുരന്തസമയത്ത് ഇത്തരം ഡ്രോണിലാണ് ദുരിതബാധിത മേഖലകളിൽ ഭക്ഷണവും വെള്ളവുമെത്തിച്ചതെന്നും ഇവര്‍ പറഞ്ഞു.