ഞാറക്കൽ സഹ. ബാങ്കിലേക്ക് മാർച്ച് : ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു
1598338
Friday, October 10, 2025 2:42 AM IST
വൈപ്പിൻ: ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബാങ്കിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു.
ബാങ്കിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സെക്രട്ടറി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇതുപ്രകാരം ഞാറക്കൽ സ്വദേശികളായ റോബിൻ, നിജിൽ, വിപിൻ, സുധീർ, എനോഷ്, അനീഷ് , പ്രശോഭ് എന്നിവർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 20 പേർക്ക് എതിരെയാണ് കേസ്.
അതേസമയം ധനകാര്യസ്ഥാപനത്തിൽ അതിക്രമിച്ചു കയറി ജീവനക്കാരെയും ഇടപാടുകാരെയും ഭീഷണിപ്പെടുത്തിയ സംഘത്തിനെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് എടുത്തിട്ടുള്ളതെന്ന് ബാങ്ക് പ്രസിഡന്റ് ടിറ്റോ ആന്റണി ആരോപിച്ചു.
ഈ സാഹചര്യത്തിൽ ബാങ്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയോ കോടതിയെ സമീപിക്കുകയോ ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.