കറുകുറ്റിയിലെ റോഡ് നിർമാണം: എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു
1598334
Friday, October 10, 2025 2:37 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 9, 13 വാർഡുകളിൽ എംഎൽഎ അനുവദിച്ച 70 ലക്ഷം രൂപ ചെലവഴിച്ച് റോഡുകൾ മെയിന്റനൻസ് നടത്തുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
കറുകുറ്റി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ കെ.പി. അയ്യപ്പന്റെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. എംഎൽഎ അനുവദിച്ച 10 ലക്ഷം രൂപയുടെ അട്ടാറ - മരിയ നഗർ റോഡിന്റെ പ്രവർത്തനം ഇനിയും തുടരാനായിട്ടില്ല.
ഈ വാർഡിൽ തന്നെ 40 ലക്ഷം രൂപയുടെ റോഡ് മെയിന്റനൻസ് തുകയാണ് പ്രവർത്തനം നടത്താൻ വൈകിയതുമൂലം ലാപ്സാകുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു. ഈ റോഡുപണി ഉടൻ തുടങ്ങാമെന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഉറപ്പിനെ തുടർന്നാണ് ഉപരോധസമരം അവസാനിപ്പിച്ചത്.