റൂഫിംഗിൽ പിഴവ്; എട്ട് ലക്ഷം നഷ്ടപരിഹാരം നല്‍കണം
1598783
Saturday, October 11, 2025 3:59 AM IST
കൊച്ചി: റൂഫ് നിർമാണത്തിലെ പിഴവുമൂലം വീടിന് ചോര്‍ച്ച ഉണ്ടായതിനാൽ പരാതിക്കാരിക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. പെരുമ്പാവൂര്‍ സ്വദേശിനി പി.ബി. ദീപാഞ്ജലി, എറണാകുളത്ത് പ്രവര്‍ത്തിക്കുന്ന പ്രൈമ എവര്‍ലാസ്റ്റ് റൂഫ് മേക്കേഴ്സ് എന്ന സ്ഥാപനത്തിനെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരി വീട്ടിലെ ട്രസ് റൂഫിംഗ് ജോലികള്‍ എതിര്‍കക്ഷിയെ ഏല്‍പ്പിച്ചു. 7.72 ലക്ഷം രൂപ നല്കി പണി പൂര്‍ത്തിയാക്കിയെങ്കിലും മഴക്കാലത്ത് വെള്ളം ചോര്‍ന്ന് വീടിന് വലിയതോതിൽ നാശനഷ്ടമുണ്ടായി. പരാതിക്കാരി പലവട്ടം ആവശ്യപ്പെട്ടിട്ടും എതിർകക്ഷി യാതൊരു പരിഹാര നടപടിയും സ്വീകരിച്ചില്ല.
ഈ സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. കോടതി നിയമിച്ച വിദഗ്ധ കമ്മീഷണര്‍ നടത്തിയ പരിശോധനയില്‍ 64 സ്ഥലങ്ങളില്‍ ചോര്‍ച്ച കണ്ടെത്തി.
ജോലിയില്‍ ഉപയോഗിച്ച പൈപ്പുകളും ഷീറ്റുകളും ഗുണനിലവാരം കുറഞ്ഞതാണെന്നും കണ്ടെത്തി. റൂഫിംഗ് പുനര്‍നിര്‍മിക്കാന്‍ 7.11 ലക്ഷം രൂപ ചെലവാകും എന്നും വിദഗ്ധന്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്കി.
തുടർന്നാണ്, റൂഫിംഗ് ജോലിക്ക്പരാതിക്കാരി നല്കിയ 7,72,200/ രൂപ എതിര്‍കക്ഷി തിരികെ നല്‍കണമെന്ന് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. കൂടാതെ മനക്ലേശത്തിന് 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവായും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.
പരാതിക്കാരിക്കുവേണ്ടി അഡ്വ. മിഷാല്‍ എം.ദാസന് കോടതിയില്‍ ഹാജരായി.