തദ്ദേശ പോരിനൊരുങ്ങി ജില്ല : കരുക്കൾ നീക്കി പാർട്ടികൾ കളത്തിൽ
1598208
Thursday, October 9, 2025 4:43 AM IST
കൊച്ചി: വീണ്ടും ഒരു തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കുള്ള ചുവടുവയ്പിലാണു നാടും നഗരവും. ദേശീയ, സംസ്ഥാന രാഷ്ട്രീയ കാലാവസ്ഥയുടെ വര്‍ത്തമാനങ്ങളേക്കാള്‍ വികസനവും വ്യക്തിപ്രഭാവങ്ങളും അടിയൊഴുക്കുകളുമെല്ലാം ഇഴചേര്‍ന്ന പ്രാദേശിക ഘടകങ്ങള്‍ നിര്‍ണായകമാകുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അക്ഷരാര്‍ഥത്തില്‍ ഓരോ പ്രദേശത്തിനും സാമൂഹ്യ ഉത്സവച്ഛായ പകരുന്നുണ്ട്.
ഈ വര്‍ഷം നടക്കുന്നതു തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അടുത്ത വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിലേക്കുള്ള ഒരുക്കം കൂടിയാണ്. പ്രാദേശികമായ വികസന വിഷയങ്ങളും ആവശ്യങ്ങളും തര്‍ക്കങ്ങളും അടിയൊഴുക്കുകളും തദ്ദേശ തെരഞ്ഞെടുപ്പു ഫലത്തെ മാത്രമല്ല, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നിര്‍ണായകമാകുമെന്ന കണക്കുകൂട്ടലില്‍ പാര്‍ട്ടികള്‍ സൂക്ഷ്മതയോടും കൃത്യതയോടും കൂടിയാണു തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളിലേക്കു കടക്കുന്നത്.
വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചശേഷമുള്ള ജനവിധി എന്ന നിലയില്‍, എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
ജനസദസുകള്‍ സംഘടിപ്പിച്ച് യുഡിഎഫും ഗൃഹസന്ദര്‍ശനങ്ങളും പ്രാദേശിക യോഗങ്ങളുമായി എല്‍ഡിഎഫും തദ്ദേശ പോരിന് ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ശക്തികേന്ദ്രങ്ങളില്‍ ആധിപത്യം ആവര്‍ത്തിക്കാനുള്ള പ്രയത്നത്തിലാണ് ബിജെപി. ട്വന്റി 20 ഇക്കുറി കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥാനാര്‍ഥികളെ ഇറക്കാനുള്ള തയാറെടുപ്പുകള്‍ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ചു. മുന്നണികൾക്കു പുറമേ, ഒരുകൈ നോക്കാനുറച്ച് പ്രാദേശികവിഷയങ്ങളുയര്ത്തി വിവിധ സംഘടനകളും സ്വതന്ത്രസ്ഥാനാര്‍ഥികളും അണിയറയിലുണ്ട്.
ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ ചുമതലയേല്‍ക്കുമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന വിവരം.
ജനപ്രതിനിധികള്‍ 2220
കൊച്ചി കോര്‍പറേഷനുള്‍പ്പെടെ 96 തദ്ദേശ സ്ഥാപനങ്ങളാണ് ജില്ലയിലുള്ളത്. 13 നഗരസഭകളിലും 82 പഞ്ചായത്തുകളിലും ഈ വര്‍ഷം പുതിയ സാരഥികളെത്തും. മിക്ക പഞ്ചായത്തുകളിലും നിലവിലെ സ്ഥിതി അടിമുറി മാറും. വാര്‍ഡുകളുടെ എണ്ണം കൂടിയതു രാഷ്ട്രീയ കണക്കുകൂട്ടലുകളിലും മാറ്റങ്ങളുണ്ടാക്കും.
96 തദ്ദേശ സ്ഥാപനങ്ങളിലായി ജില്ലയില്‍ നിലവിലുള്ളത് 2045 വാര്‍ഡുകളാണ്. ഇക്കുറി 175 വാര്‍ഡുകള്‍ വര്‍ധിച്ചു. ജില്ലയില്‍ ഇനി 2220 തദ്ദേശ സ്ഥാപന ജനപ്രതിനിധികളുണ്ടാകുമെന്നര്ഥം.
വാശിയേറിയ പോരാട്ടത്തിനു കളമൊരുങ്ങുന്ന കൊച്ചി കോര്‍പറേഷനില്‍ രണ്ടു ഡിവിഷനുകളാണ് കൂടിയത്. ഒരു ഡിവിഷന് കൂടിയതോടെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഇനി 28 ആകും.
സ്ത്രീ വോട്ടര്‍മാര്‍ മുന്നില്‍
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ആകെയുള്ള വോട്ടര്‍മാര്‍ 26,34,135 ആണ്. സ്ത്രീകള്‍- 13,70,426. പുരുഷന്മാര്- 12,63,674. ട്രാന്‍സ്ജെന്‍ഡര്‍- 35.
ഇപ്പോള്‍ പുതുതായി ചേര്‍ക്കുന്ന വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയാല്‍ എണ്ണം ഉയരും. നഗരസഭകളില്‍ തൃപ്പൂണിത്തുറയിലാണ് ഏറ്റവുമധികം വോട്ടര്‍മാരുള്ളത് 71,394 പേര്‍ക്ക് ഇവിടെ വോട്ടവകാശമുണ്ട്. രണ്ടാം സ്ഥാനത്ത് തൃക്കാക്കര (69,452). ജില്ലയിലും സംസ്ഥാനത്തും ഏറ്റവും കുറവ് വോട്ടര്‍മാരുള്ള നഗരസഭ കൂത്താട്ടുകുളമാണ്. 14,686 ആണ് ഇവിടെ വോട്ടര്‍മാരുടെ എണ്ണം.
ആകെ തദ്ദേശ സ്ഥാപനങ്ങള്‍ - 96
ഗ്രാമപഞ്ചായത്തുകള്‍- 82
ബ്ലോക്ക് പഞ്ചായത്തുകള്‍- 14
നഗരസഭകള്‍- 13
കോര്പറേഷന് - 01
പുനര്‍വിഭജനത്തിനു ശേഷം
ജില്ലയിലെ വാര്‍ഡുകള്‍/
ഡിവിഷനുകള്‍, ബ്രായ്ക്കറ്റില്‍
നിലവിലുള്ളത്
ഗ്രാമപഞ്ചായത്ത് - 1467 (1338)
നഗരസഭ - 447 (421)
ബ്ലോക്ക് പഞ്ചായത്ത് - 202 (185)
ജില്ലാ പഞ്ചായത്ത് - 28 (27)
കൊച്ചി കോര്പറേഷന് - 76 (74)